പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
അതേസമയം കിറ്റിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ പാടില്ലെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല.
അതേസമയം ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ശനിയാഴ്ച 7.45 വരെ 62,018 എ.എ.വൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റിയതായും സർക്കാർ അറിയിച്ചു.












Click it and Unblock the Notifications