'ഓണക്കിറ്റ് എല്ലാവർക്കും ഇത്തവണ നൽകാനാവില്ല, അന്തിമ തീരുമാനം എടുത്തിട്ടില്ല'; മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം∙ കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്തവണ ഓണക്കിറ്റ് കൊടുക്കും. എന്നാൽ അത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണക്കാലം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുക എന്നത് മുൻപും ഉള്ള രീതിയല്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈയ്ക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധി യുണ്ട്. സഹായിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കും. ഓണത്തിന് അത്യാവശ്യ സാധനങ്ങളെല്ലാം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. മഴ കൃഷിയെ ബാധിച്ചതും വിലക്കയറ്റവുമെല്ലാം രാജ്യത്ത് വലിയ തോതിലുണ്ട്. എന്നിരുന്നാലും സർക്കാർ പൊതുവിതരണ സമ്പ്രദായം വഴിയും സപ്ലൈകോ വഴിയുമെല്ലാം ഇടപെടൽ നടത്തുകയും സാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ ശമ്പളം രണ്ടു ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കെ എസ് ആർ സി സ്വന്തം പ്രവർത്തിച്ച് ശക്തിപ്പെടുകയാണ് വേണ്ടത്. കെ എസ് ആർ ടി സിയെ സഹായിക്കാനേ സർക്കാരിന് സാധിക്കൂ. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും എണ്ണ വിലക്കയറ്റവുമെല്ലാമാണ് കെ എസ് ആർ ടി സിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന് അത്തരമൊരു നിലപാടില്ല. അതുകൊണ്ട് പൊതുമേഖലയെ പരമാവധി സംസ്ഥാന സർക്കാർ ശക്തിപ്പെടുത്തും. അതായത് അടിസ്ഥാനപരമായ എല്ലാ പിന്തുണയും സഹായങ്ങളും ചെയ്ത് കൊടുക്കും.
കെ എസ് ആർ ടി സിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനും മൂലധന നിക്ഷേപമടക്കം പല സഹായങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുമുണ്ടാവണം. കുറച്ച് വരുമാനം വർധിച്ചിട്ടുണ്ടെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്. പക്ഷേ അതുകൊണ്ടൊന്നും മതിയാകില്ല.
ശമ്പളത്തിനും പെന്‍ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് സര്‍ക്കാരിന് ചെലവുവരുന്നത്. കെ എസ് ആർ ടി സിക്ക് അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്നാല്‍ നിലവില്‍ സർക്കാർ സഹായിക്കുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിവർഷം തരേണ്ട ഈ തുക കേന്ദ്രസർക്കാർ തരികയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 20,000 കോടിയെങ്കിലും അധികം വരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications