പെരുമ്പാവൂര്‍ കൊലപാതകം; കൃത്യം നടത്തിയത് ഒരാള്‍, പെരുമ്പാവൂരില്‍ സംഘര്‍ഷം
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ജിഷയുടെ ക്രൂരകൊലപാതകം നടത്തിയത് ഒരാളെന്ന് കൊച്ചി റേഞ്ച് ഐജി. കൊലപാതകം ചെയ്തയാള്‍ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നതും തിരിച്ചു വരുന്നതും കണ്ടെവരുണ്ടെന്നും കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് പറഞ്ഞു. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ പ്രതികളാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ജിഷയുടെ അമ്മയെ കാണാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം ഇടത് യുവജന സംഘടനകള്‍ തടഞ്ഞത് സംഘര്‍ഷത്തിലെത്തിച്ചു. ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തിയ മന്ത്രിക്ക് ആശുപത്രിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജിഷയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു.

കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ലെന്നും ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
രണ്ടിലൊരാള്‍ നേരത്തെ ജിഷയെ പാട്ടു പഠിപ്പിച്ച വ്യക്തിയാണെന്ന വിവരങ്ങളുണ്ട്. മറ്റൊരാള്‍ ജിഷ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകനാണ്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഐജി വ്യക്തമാക്കി. കൊച്ചി റേഞ്ച് ഐജിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപെട്ടിട്ടുണ്ട്.












Click it and Unblock the Notifications