സിഒടി നസീർ വധശ്രമം; ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായത് ഷംസീറുമായി അടുത്ത ബന്ധമുള്ളയാൾ!!
കണ്ണൂർ: സിഒടി നസീർ വധശ്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രാജേഷാണ് അറസ്റ്റിലായത്. സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയാണിദ്ദേഹം. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ രാജേഷ്.
നേരത്തെ പിടിയിലായ കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. അക്രമം നടന്ന ദിവസം 12 തവണ സന്തോഷിന്റെ ഫോണിലേക്ക് രാജേഷ് വിളിച്ചിട്ടുണ്ട്. നസീറിനെതിരെ നടന്ന വധശ്രമം സംബന്ധിച്ച് സിപിഎം പാര്‍ട്ടി തല അന്വേഷണം നടത്തുന്നതിനിടയിലാണ് ഒരാൾ കൂടി അറസ്റ്റിലാകുന്നത്.

ഇതോടെ നസീര്‍ വധശ്രമ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നിലവില്‍ കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ തൃപ്തനല്ലെന്നാണ് നസീർ വ്യക്തമാക്കിയത്. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിന് ആക്രമത്തില്‍ പങ്കുണ്ടെന്ന് നസീര്‍ നേരത്തെ ആരോപിച്ചിരുന്നു.
മേയ് മാസം 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം നസീറിനെ ആക്രമിച്ചത്. നസീറിനെതിരെ നടന്ന വധശ്രമം സംബന്ധിച്ച് സിപിഎം പാര്‍ട്ടി തല അന്വേഷണം നടത്തുന്നുണ്ട്. ടി.വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications