'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': ലീഗും കേരള കോണ്‍ഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികള്‍
തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ മുസ്ലിം ലീഗ്, ആർ എസ് പി, കേരള കോണ്‍ഗ്രസ് എം പാർട്ടികള്‍. പുതിയ നയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മീഷന്റെ ചോദ്യത്തോടാണ് മൂന്ന് പാർട്ടികളും പ്രതികരിക്കാതിരുന്നത്. ഈ പാർട്ടികള്‍ ഭാഗമായ ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും മുന്നണികള്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വരുമ്പോഴാണ് ഇവർ നിലപാട് വ്യക്തമാക്കാതിരുന്നതെന്നാണ് ശ്രദ്ധേയം.
രാജ്യത്തെ ഒട്ടുമിക്ക അംഗീകൃത പാർട്ടികളോടെല്ലാം തന്നെ കമ്മീഷന്‍ അഭിപ്രായം തേടിയിട്ടുണ്ട്. ഇതില്‍ എന്‍ ഡി എ ചേരിയിലേത് ഉള്‍പ്പെടെ 32 പാർട്ടികൾ ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചപ്പോൾ 15 പാർട്ടികൾ എതിർത്തു. മുസ്ലിം ലീഗ്, ആർ എസ് പി, കേരള കോണ്‍ഗ്രസ് എം പാർട്ടികള്‍ എന്നിവരോടൊപ്പം മറ്റ് 12 പാർട്ടികളും കമ്മീഷന്റെ ചോദ്യത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.

ദേശീയ പാർട്ടികളുടെ കാര്യത്തില്‍ ബി ജെ പിയും എന്‍ പി പിയും മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്. മറുവശത്ത് കോൺഗ്രസ്, സി പി എം, ബി എസ് പി, എസ് പി, എ എ പി പാർട്ടികൾ നയത്തെ എതിർക്കുന്നു. ഇന്ത്യാ സംഖ്യത്തിലെ പ്രധാന കക്ഷിയായ എന്‍ സി പിയും എന്‍ ഡി എ സഖ്യത്തിലെ ടി ഡി പിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബി ജെ പിയുടെ ദേശീയതയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചു. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് നേരിട്ട് ഭരണം ഏർപ്പെടുത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. ഏകാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.
1967 വരെ ഒരേസമയത്തായിരുന്നു കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടന്നിരുന്നതെന്നത് ശരിതന്നെ. പക്ഷേ, ബിജെപി ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലല്ലോ അത്. പ്രസക്തമായ ചോദ്യം പിന്നീടുള്ള കാലത്ത് എന്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ദേശീയ തെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ടൂവെന്നുള്ളതാണ്. ആ സാഹചര്യങ്ങൾ ഇന്ന് മാറിയിട്ടില്ല.
അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളിൽ പലതിന്റെയും കാലാവധി കുറയ്ക്കേണ്ടിവരും. ദേശീയ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന ഭരണം അസ്ഥിരമായാൽ കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരങ്ങൾ വർദ്ധിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാൽ അഞ്ച് വർഷം ഭരണാവകാശം ഉണ്ടാവുകയുമില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിനു കീഴിലുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും കേന്ദ്ര നിയന്ത്രണത്തിലേക്കു നീങ്ങും. 64, 65 ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ നമ്മൾ അതിനെ എതിർത്തു തോൽപ്പിച്ച ഒരു കാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവ് പുതിയ സമ്പ്രദായം കുറയ്ക്കുമെന്നു പറയുന്നതിലും കാര്യമില്ല. രാജ്യത്തെ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് 2014-ൽ 30,000 കോടി രൂപ ആയിരുന്നത് 2019-ൽ 60,000 കോടി രൂപയായി. 2024-ലെ തെരഞ്ഞെടുപ്പ് ചെലവ് 1,35,000 കോടി രൂപയാണ്. അഞ്ചഞ്ച് വർഷം കൂടുമ്പോൾ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും വെവ്വേറെ നടത്തിയതുകൊണ്ടല്ലല്ലോ. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗം കള്ളപ്പണവും മറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഏറ്റവും വലിയ കുറ്റവാളി ബിജെപിയാണ്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഭരണഘടനാ ഭേദഗതിയും വേണ്ടിവരുമത്രേ. അതിനുള്ള ഭൂരിപക്ഷം ബിജെപിക്ക് എവിടെയുണ്ട്? അതുകൊണ്ട് 56 ഇഞ്ചിന്റെ ചങ്കൂറ്റ പ്രദർശനത്തിന് ഒരവസരം കണ്ടെത്താനുള്ള ശ്രമമാണിത്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു മുമ്പ് എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനുള്ള ബിജെപിയുടെ ഒരു തട്ടിപ്പ് മാത്രമാണിതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications