മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളില്‍ തീരത്തടിഞ്ഞു: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു
കൊല്ലം: കൊച്ചി പുറംകടലില്‍ ഇന്നലെ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്‌നറുകളില്‍ ഒന്ന് കൊല്ലം തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴിക്കല്‍ തീരത്താണ് കണ്ടെയ്‌നര്‍ വന്നടിഞ്ഞത്. കടല്‍ ഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിലുള്ള കണ്ടെയ്‌നര്‍ ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ എന്‍. ദേവീദാസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ സ്ഥലത്തെത്തുകയും സമീപ പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. ബന്ധുവീടുകളിലേക്കാണ് ഇവരില്‍ പലരും മാറിയത്.
വലിയ ശബ്ദത്തോടു കൂടിയാണ് കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയിലേക്ക് ഇടിച്ചു കയറിയത്. അകം കാലിയായ നിലയിലുള്ള കണ്ടെയ്‌നറാണ് തീരത്ത് അടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണുള്ളത്. ശക്തമായ തിരമാലകള്‍ ഉള്ളതിനാല്‍ കണ്ടെയ്‌നര്‍ ക്രെയിന്‍ ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനായുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. കണ്ടെയ്‌നര്‍ തീരത്തടിഞ്ഞ ഭാഗത്ത് നിരവധി പേര്‍ താമസിക്കുന്നുണ്ട്.

കപ്പലില്‍ നിന്ന് കടലില്‍ വീണ് കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരദേശങ്ങളില്‍ അടുക്കാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. കണ്ടെയ്‌നറുകളിലുള്ള അപകടരമായ വസ്തുക്കളാണ് ആശങ്ക സൃഷ്ടിക്കുന്നത്. ചരക്കു കപ്പലിലുള്ള 640 കണ്ടെയ്‌നറുകളില്‍ 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡാണുള്ളത്.
ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്കു കപ്പല്‍ മുങ്ങിയത്. തീരത്തു നിന്ന് 27 കിലോമീറ്റര്‍ അകലെയാണിത്. ഇതുകൂടാതെ പതിമൂന്നെണ്ണത്തില്‍ അപകടകരമായ രാസവസ്തുക്കളും ഉണ്ട്. കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ചയും പരിസ്ഥിതിക്ക് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റിലീന്‍ വാതകം പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അസറ്റിലീന്‍ വാതകം കത്തുന്ന വാതകമായതിനാല്‍ കടലില്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. തീരത്തേക്ക് ഒഴുകിയെത്തുന്ന കണ്ടയ്‌നറുകള്‍ക്കു സമീപത്തേക്കു പോകരുതെന്നും തൊടാന്‍ ശ്രമിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കേരള തീരത്ത് എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റംസും ഉള്‍പ്പെടെ അതീവ ജാഗ്രതയിലാണ്.
വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് കൊച്ചി പുറംകടലില്‍ എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങാന്‍ ആരംഭിച്ചത്. ആദ്യം 26 ഡിഗ്രി ചെരിഞ്ഞ കപ്പല്‍ പിന്നീട് പൂര്‍ണമായും മുങ്ങിപ്പോവുകയായിരുന്നു. കപ്പലിലെ 24 ജീവനക്കാരെയും തീരസേനയും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജിഎസ് അര്‍ണവേഷ് എന്ന കപ്പലിലാണ് രക്ഷപ്പെട്ട നാവികര്‍ കൊച്ചി തീരത്ത് എത്തിയത്. നിലവില്‍ വലിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications