സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് റീത്ത് നല്‍കിയയാള്‍
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് മറ്റ് പ്രതികളിലേക്ക് എത്തിച്ചത്.

തിരുവനന്തപുരം: സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകനും ആത്മീയ നേതാവുമായ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ആശ്രമം കത്തിച്ച ശേഷം പ്രതികള്‍ റീത്ത് വെച്ചിരുന്നു. ഈ റീത്ത് വാങ്ങി നല്‍കിയത് കൃഷ്ണകുമാര്‍ ആണ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിലെ മുഖ്യപ്രതി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2018 നവംബറിലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.

ഇടത് സഹയാത്രികന്‍
ഇടത് സഹയാത്രികനായ സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ നിശിത വിമര്‍ശകനായിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാല് കാറും ആശ്രമത്തിന്റെ മുന്‍വശവുമായി അഗ്നിക്കിരയാക്കിയത്. ആശ്രമത്തില്‍ 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് കണക്ക്. സംഭവം നടക്കുമ്പോള്‍ സന്ദീപാനന്ദഗിരിയും അനുയായികളും ആശ്രമത്തിലുണ്ടായിരുന്നു.

കേസന്വേഷണം നീണ്ടത് നാല് വര്‍ഷം
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാല്‍ സംഭവം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ എന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനായത്. ഇതിനിടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകനും തന്റെ സഹോദരനുമായ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചത് എന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് എന്നയാള്‍ രംഗത്തെത്തിയത്.

പ്രതി ആത്മഹത്യ ചെയ്തു
എന്നാല്‍ കോടതിയില്‍ ഈ മൊഴി ആവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എങ്കിലും ക്രൈംബ്രാഞ്ച് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ഇവര്‍ക്കെതിരെ ലഭിച്ചിരുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പ്രകാശന്‍ 2022 ജനുവരി മൂന്നിന് തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. ആശ്രമം കത്തിച്ച ദിവസം സമീപങ്ങളിലെ സി സി ടി വി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

സിസിടിവി വഴിത്തിരിവായി
സംഭവ നടന്ന ദിവസം അക്രമിസംഘം രണ്ട് ബൈക്കുകളില്‍ ആശ്രമം ലക്ഷ്യമാക്കി വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നതിന് പ്രേരിപ്പിച്ച കാരണമെന്താണ് എന്നും വെളിവായിട്ടില്ല.












Click it and Unblock the Notifications