Exclusive:'അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം,നിമിഷ പ്രിയയുടെ മോചനത്തിന് എല്ലാവരും സഹായിക്കണം';കേണപേക്ഷിച്ച് അമ്മ
കൊച്ചി: നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി എല്ലാവരും കൈകോർക്കണമെന്ന് അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി. വധശിക്ഷയിൽ യെമൻ പ്രസിഡന്റ് ഒപ്പുവെച്ച് കഴിഞ്ഞു. എന്തെങ്കിലും ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മകളെ തിരികെയെത്തിക്കാൻ എല്ലാവരും സഹായിക്കണം, പ്രേമകുമാരി അഭ്യർത്ഥിച്ചു. വൺ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
'അവളുടെ പേപ്പറിൽ പ്രസിഡന്റ് ഒപ്പിട്ടു, ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, എല്ലാവരും കൈകോർത്ത് പിടിച്ച് അവളെ രക്ഷിക്കണം. അവൾക്ക് വേണ്ടി കഷ്ടപ്പെട്ട എല്ലാവരോടും ആയിരം തവണ നന്ദി പറയുകയാണ്. ആക്ഷൻ കമ്മിറ്റിയിലെ എല്ലാവരും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമെല്ലാം ഇടപെട്ടു. അവളെ തിരികെയെത്തിക്കാൻ എത്രയും പെട്ടെന്ന് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്', പ്രേമകുമാരി പറഞ്ഞു.

നിലവിൽ യെമനിലാണ് പ്രേമകുമാരി കഴിയുന്നത്. നിമിഷപ്രിയയെ കാണാനും മോചനപ്രവർത്തനങ്ങൾക്കുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് അവർ യെമനിൽ എത്തിയത്. മോചനവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിൽ നിന്നും ഉത്തരവുണ്ടാകുന്നത്. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നേരത്തേ അപ്പീല്‍ നൽകിയെങ്കിലും യെമന്‍ സുപ്രീം കോടതി തള്ളി. തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ല. കൊല്ലപ്പെട്ട യെമൻ പൗരന്റ് കുടുംബത്തിന് ദയാധനം നൽകിയുള്ള ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റ് ഉത്തരവിട്ടതോടെ നിമിഷയുടെ വധശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയേക്കുമെന്നാണ് വിവരം.
അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 'വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടൽ ഉണ്ടാകും', വിദേശകാര്യ മന്ത്രാലയ വക്താവ് റൺദീർ ജെയ്സ്വാൾ പറഞ്ഞു.
യെമനിൽ നഴ്സായിരുന്നു നിമിഷ പ്രിയ. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ലാണ് കേസിനാസ്പദമായ സംഭവം. തലാല്‍ അബ്ദു മെഹ്ദിയുമായി ചേർന്ന് നിമിഷ ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.












Click it and Unblock the Notifications