യുഡിഎഫിന് മാത്രമേ കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ: കെസി വേണുഗോപാല്‍
മലപ്പുറം: യുഡിഎഫിന് മാത്രമേ കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റും നേടണം. അതോടൊപ്പം 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിന്നോട്ടു പോയിട്ടുള്ള പത്തുവര്‍ഷങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ യു ഡി എഫിന് വോട്ടുനല്‍കി യുഡിഎഫ് സർക്കാർ സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ചുള്ള കുറിപ്പിലായിരുന്നു കെസി വേണുഗോപാലിന്റെ പരാമർശങ്ങള്‍..

കെസി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്നലെ മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണവും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു. ഈ വേദിയിലെത്തിയ നിമിഷം മുതൽക്ക് ഓർമകളിൽ ഒരാൾ മാത്രമായിരുന്നു. സദസ്സിന്റെ നിറഞ്ഞ കൈയടികൾ ആ മനുഷ്യനു വേണ്ടിയുള്ളതായിരുന്നു. നിലമ്പൂരിന്റെ, മലപ്പുറത്തിന്റെയാകെ സ്വന്തം കുഞ്ഞാക്ക. ഏറെ പ്രിയപ്പെട്ട ആര്യാടൻ മുഹമ്മദ്. ഞങ്ങളുടെ ആര്യാടൻജി.
ഒരുവർഷം മുൻപ് ഹൃദയം പിടച്ച ആ വാർത്ത കേട്ടു. ആര്യാടൻജി ഇനിയില്ലെന്ന വാർത്ത. അന്നു ഭാരത് ജോഡോ യാത്രയിലായിരുന്നു. തമിഴ്‌നാട്ടിലെ കൊടുംചൂടിലും കര്‍ണാടകത്തിലെ കോരിച്ചൊരിയുന്ന മഴയും കാശ്മീരിലെ മൈനസ് ഡിഗ്രിക്കു താഴെയുള്ള അതിശൈത്യത്തിലും നിര്‍ത്തിവെക്കാതിരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് ഒരിക്കല്‍ മാത്രമായിരുന്നു. അത് ആര്യാടന്‍ മുഹമ്മദ് മരണപ്പെട്ട ദിവസത്തിലായിരുന്നു.
യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ ആര്യാടജിയുടെ വീട്ടിലേക്ക് കുതിച്ചെത്തി. അതായിരുന്നു ആര്യാടന്‍ മുഹമ്മദിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ആദരവ്. അദ്ദേഹം അർഹിച്ച ആദരവ്. ആര്യാടൻജിയുടെ ഓർമകളിൽ നിന്നുകൊണ്ട് അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയം സംസാരിക്കുകയാണ് അദ്ദേഹത്തോട് ചെയ്യുന്ന നീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വന്തം മലപ്പുറത്തെ ഈ വേദിയിൽ രാഷ്ട്രീയം കൂടി സംസാരിക്കാനാണ് വ്യക്തിപരമായി ഞാൻ തീരുമാനിച്ചത്.
പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പോലും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിൻറെ മതേതര സങ്കൽപ്പങ്ങളെ തച്ചുതകർക്കുന്ന നരേന്ദ്രമോദി ഭരണത്തെ താഴെയിറക്കാനാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചു മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യത്തിലേക്കായി കോൺഗ്രസ് വിശ്രമമില്ലാതെ പോരാടും.
ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കേരളത്തിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ആര്യാടന്‍ മുഹമ്മദിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി, വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ 20 സീറ്റും യു.ഡി.എഫിന് നല്‍കുക എന്നതാണ്. അതോടൊപ്പം 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിന്നോട്ടു പോയിട്ടുള്ള പത്തുവര്‍ഷങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ യു.ഡി.എഫിന് വോട്ടുനല്‍കി യു.ഡി.എഫ് സർക്കാർ സാധ്യമാക്കുക എന്നതും കൂടിയാണ്.
ഇങ്ങനെ ആര്യാടൻ മുഹമ്മദിനെപ്പോലുള്ള കോൺഗ്രസുകാർ എക്കാലത്തും ഉയർത്തിപ്പിടിച്ച ആശയങ്ങളും ആദർശങ്ങളും ഉയർത്തി തന്നെയാണ് കോൺഗ്രസ് പാർട്ടി മുന്നോട്ടുപോകുന്നത്. ആര്യാടൻജിയുടെ ജീവിതം തുടിക്കുന്ന നാട്ടിൽ, സ്മരണകൾ പേറുന്ന മനുഷ്യർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു. ആര്യാടൻ ഫൌണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമർപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications