Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്, നാടിന്റെ നായകന്‍: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു ജനപ്രിയ അധ്യായം

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി പൂർണ്ണമാവുന്നു.
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്, കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് വിട. അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവർക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീർത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു.

ദേശീയ തലത്തിലേക്ക് വരെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ തക്ക സംഘടനാ വൈദഗ്ധ്യവും പ്രവർത്തന മികവും ഉണ്ടായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ 1970 ല്‍ ഇരുപ്പത്തിയേഴാം വയസ്സില്‍ ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്ന് മുതല്‍ ഇന്നുവരെ പുതുപ്പള്ളിക്കാരെ വിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അല്ലെങ്കില്‍ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ അനുവദിച്ചില്ലെന്നും പറയാം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കില്ലെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നതോടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പുതുപ്പള്ളിക്ക് എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു.

ommenchandy

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പക്ഷെ ഇനി മറ്റാർക്കും തകർക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കടന്നുപോവുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം എം എല്‍ എയായ വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ മറികടന്ന് 2022 ഓഗസ്റ്റ് 2 നാണ് ഈ നേട്ടം ഉമ്മന്‍ചാണ്ടി സ്വന്തം പേരില്‍ കുറിച്ചത്. 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) എന്ന റെക്കോർഡാണ് അദ്ദേഹം പിന്നിട്ടത്.

ഇതുവരെയുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ രണ്ടു പേർ ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും മാത്രമായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി രണ്ടു തവണ (2004-2006, 2011-2016) കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ഒരു തവണ (2006-2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977-1978) തൊഴിൽ വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981-1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.

നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി.

ommenchandy

സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കെ എസ് യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ ഉമ്മന്‍ചാണ്ടി തുടക്കകാലത്ത് തന്നെ മികച്ച സംഘാടകനെന്ന നിലയില്‍ പേരെടുത്തു. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് പദവിയായിരുന്നു ഉമ്മന്‍ചാണ്ടിയെ തേടിയെത്തിയാ ആദ്യ സംഘടന പദവി. പിന്നീട് കെ എസ യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും കെ പി സി സി, എ ഐ സി സി ഭാരവാഹിയുമായി.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെയാണ് 1970 ലെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനിക്കുന്നത്. 1957, 1960 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ച് മണ്ഡലമായിരുന്നെങ്കിലും 1967 ലെ തിരഞ്ഞെടുപ്പില്‍ ഇഎം ജോർജിലൂടെ മണ്ഡലം സി പി എം പിടിച്ചെടുത്തിരുന്നു.

70 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി എതിരാളിയായി വന്നപ്പോഴും ഇഎം ജോർജ് വിജയം പ്രതീക്ഷിച്ചു. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക്. പിന്നീട് 2021 വരെ ആ പതിവ് പുതുപ്പള്ളിക്കാരും ഉമ്മന്‍ചാണ്ടിയും ആവർത്തിച്ചു. 2021 ല്‍ ജയ്ക്ക് സി തോമസിനോട് 9,044 വോട്ടിനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിജയം. മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇത് തന്നെ.

എന്നും എകെ ആന്റണിയുടെ അടുത്ത അനുയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. പിന്നീട് 1982-ൽ ഇടതു മുന്നണി വിട്ട് എ.കെ. ആൻ്റണിക്കൊപ്പം കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവുമായി. ഇക്കാലയളിവില്‍ തന്നെയാണ് 1982 മുതല്‍ 86 വരെ യു ഡി എഫ് കണ്‍വീനറായും പ്രവർത്തിക്കുന്നത്. കരുണാകരന്‍-ആന്റണി ഗ്രൂപ്പ് പോര് ശക്തമായ സമയത്ത് എംഎ കുട്ടപ്പന് രാജ്യസഭ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

ആദ്യമായി മുഖ്യമന്ത്രി പദം തേടിയെത്തുന്നത് 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ്. പിന്നീട് 2011 ല്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു പേര് ഉയർന്ന് വന്നിരുന്നില്ല. പാർട്ടിയില്‍ എന്നും ഒരു വിഭാഗം ഉമ്മന്‍ചാണ്ടിക്ക് എതിരാളികളായി ഉണ്ടായിരുന്നെങ്കില്‍ ഘടകക്ഷികളായിരുന്നു എന്നും അദ്ദേഹത്തിനോടൊപ്പം അടിയുറച്ച് നിന്നത് എന്നതും ശ്രദ്ധേയമാണ്.

രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയത് ഘടകക്ഷികളോട് അദ്ദേഹത്തിനും അദ്ദേഹത്തില്‍ ഘടകക്ഷികള്‍ക്കുമുള്ള വിശ്വാസത്തിന്റെ കൂടി ബലത്തിലായിരുന്നു. വല്ലാർപാടം കണ്ടെയ്നർ ടെർമിനല്‍, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായ ഒട്ടനവധി വികസന പദ്ധതികള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ പ്രയത്നം കൂടിയുണ്ട്.

2011 ല്‍ അധികാരത്തിലേറുമ്പോള്‍ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും ഉമ്മന്‍ചാണ്ടിക്കായിരുന്നെങ്കിലും പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് നല്‍കി.

പാമോയില്‍ കേസ് കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയർന്ന പ്രധാന ആരോപണമായിരുന്നു സോളാർ അഴിമതി. സോളാർ അഴിമതിക്കേസിൽ ലൈംഗിക ആരോപണവും ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിരുന്നു. 2013 ജൂണിൽ കേസില്‍ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. എന്നാൽ സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ മുൻ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തതാണെന്ന് വെളിപ്പെടുത്തലും പുറത്ത് വന്നു. എല്ലാത്തിനും ഒടുവില്‍ സി ബി ഐ തന്നെ കേസില്‍ ഉമ്മന്‍ചാണ്ടി ക്ലീന്‍ ചിറ്റ് നല്‍കി. അങ്ങനെ എല്ലാ ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ് യാത്രയാവുമ്പോള്‍ കേരള ചരിത്രത്തിലെ 'ഉമ്മന്‍ചാണ്ടി' എന്ന അധ്യായത്തിനും വിരാമമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+