ഉമ്മന്‍ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയെ ക്ഷണിച്ചത് നേതൃത്വത്തിന്റെ ഏകകണ്ഠ തീരുമാനം: വിഡി സതീശന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള അനുശോചന യോഗം തിരുവനന്തപുരത്ത് നടത്തണമെന്നും അതിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും മത നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ക്ഷണിക്കണമെന്നതും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ചേര്‍ന്ന് ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉമ്മന്‍ ചാണ്ടിയെ പോലുള്ള ഒരു നേതാവിന്റെ അനുസ്മരണസമ്മേളനത്തിന്റെ പേരില്‍ ഒരു വിവദത്തിന്റെയും ആവശ്യമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആളായിരുന്നു ഉമ്മന്‍ ചാണ്ടി. അതുകൊണ്ടാണ് എല്ലാവരെയും അദ്ദേഹത്തിന്റെ പേരിലുള്ള അനുസ്മരണത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ പേരില്‍ ഒരു തര്‍ക്കത്തിന്റെയും ആവശ്യമില്ല'.

'അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയ വിഷയങ്ങളെല്ലാം ജനമധ്യത്തിലുണ്ട്. അതേക്കുറിച്ച് ഞങ്ങളും ചര്‍ച്ച ചെയ്യും. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇക്കാര്യം നിയമസഭയില്‍ ഞാന്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വേട്ടയാടപ്പെട്ട ഒരാളാണ് ഉമ്മന്‍ ചാണ്ടി. അതിന്റെ ഒരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സത്യം വിജയിക്കുമെന്ന് എപ്പോഴും പറയാറുള്ള ആളായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് എതിരായ കേസുകളിലെല്ലാം സത്യം വിജയിക്കുകയും ചെയ്തു.
അദ്ദേഹത്തെ വേട്ടയാടിയ ആളുകളെല്ലാം തുറന്നു കാട്ടപ്പെട്ടു. ഇതൊക്കെ കേരളത്തില്‍ നടന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതെല്ലാം പറയേണ്ട സമയത്ത് പറയും. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന് അനുസരിച്ചുള്ള തീരുമാനം എടുത്തത്. ഇപ്പോള്‍ ഒരു തീരുമാനമെ പാര്‍ട്ടിക്കൂള്ളൂ.
ഉമ്മന്‍ ചാണ്ടിയുടെ മരണം ഞങ്ങളിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ആ സങ്കടങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ഞങ്ങള്‍ മോചിതരായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല, മനുഷ്യര്‍ കൂടിയാണ്. ഞങ്ങളുടെ നേതാവായി ഞങ്ങളുടെ ഒപ്പം എല്ലാക്കാലത്തും കുടുംബാംഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ വേര്‍പാട് നിസാരമല്ല. അതില്‍ നിന്നും ഞങ്ങള്‍ മോചിതരാകുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ കല്ലറ അടച്ചതിന്റെ പിറ്റേ ദിവസം രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് കൃത്യമായി പറഞ്ഞിരിക്കും. ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററുടെ വെളിപ്പെടുത്തലൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം.
എന്റെ ഓഫീസിലെ ഒരാള്‍ നിലവാരം കുറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ ആദ്യം അയാള്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ അയാള്‍ ആ സ്ഥാനത്തുണ്ടാകില്ല. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ ചുറ്റും ഇരിക്കുന്നവരുടെ നിലവാരം എന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളവരുടെ നിലവാരം ഇതാണെന്ന് ജനങ്ങള്‍ അളക്കും.
മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാകും. ആ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രസിഡന്റാണ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വം പേര് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കും. ആ പേര് തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാധ്യമങ്ങള്‍ ദയവ് ചെയ്ത് ഞങ്ങള്‍ക്ക് തരണം.
തൃക്കാക്കരയിലേത് പോലെ പുതുപ്പള്ളിയിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഒന്നോ രണ്ടോ പേരെടുക്കുന്ന തീരുമാനമല്ല. കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും അത്തരമൊരു ചര്‍ച്ച നടക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് നേരിടുന്നതിന് ആവശ്യമായ സംഘടനാസംവിധാനങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications