യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെ! മലക്കം മറിഞ്ഞ് ഉമ്മൻചാണ്ടി, സഹകരിക്കണം!
യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
കോട്ടയം: ഒക്ടോബർ 16ലെ ഹർത്താൽ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. രാജ്യത്തെ അവസ്ഥ കണക്കിലെടുത്തും, ജനങ്ങൾ ഹർത്താൽ ആഗ്രഹിക്കുന്നതിനാലുമാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. പെട്രോൾ, ഡീസൽ നികുതി കേന്ദ്രസർക്കാരും, സംസ്ഥാന സർക്കാരും ഒരുപോലെ കുറയ്ക്കണം. ജനങ്ങളുടെ ദുരിതമകറ്റാൻ ഇതേ മാർഗമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. രാജ്യത്തെ സൗഹൃദാന്തരീക്ഷവും, സ്വൈരജീവിതവും തകർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഈ ദുരിതങ്ങൾ കണ്ടുനിൽക്കാനാകില്ലെന്നും, ഇതിനെതിരെ യുഡിഎഫ് ശക്തമായ സമരത്തിനിറങ്ങുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി യുഡിഎഫ് നേതാക്കൾ തിരുനക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലുകളിൽ നിന്നും അക്രമസമരങ്ങളിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കുമെന്ന് നേരത്തെ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഈ പ്രസ്താവന നടത്തി ദിവസങ്ങൾ പിന്നിട്ടപ്പോളാണ് യുഡിഎഫ് ഒക്ടോബർ 16ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് ഹർത്താലിനെ ന്യായീകരിച്ച് ഉമ്മൻചാണ്ടി സംസാരിച്ചത്.












Click it and Unblock the Notifications