ഉമ്മന്‍ചാണ്ടി വിടപറയുന്നു; പുതുപ്പള്ളിയില്‍ കണ്ട ആ സ്വപ്നം ബാക്കിയാക്കി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിട പറയുന്നത് പുതുപ്പള്ളിയില്‍ ഒരു വീടെന്ന മോഹം ബാക്കിവച്ചാണ്. വീടിന്റെ പണി ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ രോഗവും ചികിത്സയുമായി ബംഗളൂരുവില്‍ ആയതിനാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പുതുപ്പള്ളിയില്‍ എത്തിക്കുന്ന മൃതദേഹം ഇവിടെയും പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് വിവരം.
പുതുപ്പള്ളിയെന്നാല്‍ ഓരോ മലയാളിയുടെയും മനസില്‍ ഓര്‍മ്മ വരുന്നത് ഉമ്മന്‍ചാണ്ടിയെയായിരിക്കും. ആ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി വീടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമായിരുന്നു. ഒരു പണിയണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു പണി ആരംഭിച്ചത്. ആദ്യ ഘട്ട പണികള്‍ മാത്രമേ ആരംഭിച്ചിരുന്നുള്ളൂ. രോഗബാധിതനായതിനെ തുടര്‍ന്ന് വീടിന്റെ പണി മന്ദഗതിയിലായി.

ഉമ്മന്‍ചാണ്ടി നേരത്തെ താമസിച്ച വീട് ഇളയ സഹോദരന്റേതായിരുന്നു. അത് അദ്ദേഹത്തിന്റെ തറവാട് വീടും കൂടെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട എം എല്‍ എയെ കാണാന്‍ ജനങ്ങള്‍ എല്ലാവരും എത്തിയിരുന്നത് ഈ വീട്ടിലായിരുന്നു. തുടര്‍ന്ന് പുതിയ വീട് പുതുപ്പള്ളിയില്‍ വേണമെന്ന ആശയം ഉദിക്കുകയായിരുന്നു.
പുതുപ്പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം പണിതീരാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വച്ചേക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമെന്ന നിലയില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉള്‍പ്പെടെയുള്ള കെ പി സി സിയുടെയും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ 24 )മാറ്റിവെച്ചു . ജില്ല ,ബ്ലോക്ക് , മണ്ഡലം ,ബൂത്ത്, സി യു സി തലങ്ങളില്‍ ഈ ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയെ അനുശോചിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്'- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications