അത് എന്നെ ഉദ്ദേശിച്ചല്ല; ആന്റണിയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ രംഗത്തും അഴിമതിയാണെന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആന്റണിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയുടെ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനും തനിക്കും എതിരായുള്ളതാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
അഴിമതിയെക്കുറിച്ച് പൊതുവെയുള്ള കാര്യമാണ് ആന്റണി പറഞ്ഞത്. അതിനായുള്ള ബോധവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ആന്റണി സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ കേരളം ഇനി എങ്ങോട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിയെ പേരെടുത്ത് വിമര്‍ശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന് മറുപടി നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. അഴിമതിയെക്കുറിച്ച് ജനങ്ങള്‍ പരിശോധിക്കട്ടെ. നാലുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. അഴിമതിയില്‍ സര്‍ക്കാരിനെ തളച്ചിടാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ അറിവോടെ അഴിമതി നടന്നെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. സ്വകാര്യ പങ്കാളിത്തമില്ലാതെ വികസനം വരില്ല. വരും വര്‍ഷത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications