'പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് ഉമ്മൻചാണ്ടി; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ ജയിക്കൂ'; സതിയമ്മ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് മാത്രമാണ് തന്നെ പുറത്താക്കിയതെന്ന് കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായിരുന്ന പിഒ സതിയമ്മ. കഴിഞ്ഞ 13 വർഷമായി താൻ അവിടെ ജോലി ചെയ്ത് വരികയാണ്. കോൺഗ്രസുകാർ പ്രചരണത്തിന് വന്നപ്പോൾ ചാനലുകാർ ചോദിച്ചപ്പോഴാണ് ഞാൻ അഭിപ്രായം പറഞ്ഞത്. അതിനാണ് തനിക്ക് ശിക്ഷ കിട്ടിയത്, സതിയമ്മ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
' എന്റെ കുടുംബത്തിന് വേണ്ടി എല്ലാ സഹായവും ചെയ്ത് തന്നത് ഉമ്മൻചാണ്ടി സാറാണ്. അദ്ദേഹം പാവങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കം. കാരണം അദ്ദേഹത്തിന്റെ അച്ഛൻ പാവങ്ങൾക്ക് വേണ്ടി ജീവിച്ചൊരാളാണ്', സതിയമ്മ പറഞ്ഞു.

'ചാനലുകാർ അഭിപ്രായം ചോദിച്ചപ്പോഴാണ് ഞാൻ സംസാരിച്ചത്. എന്റെ മകൻ അപകടത്തിൽ മരിച്ച് പോയി. ഉമ്മൻചാണ്ടി സാറാണ് എനിക്ക് എല്ലാ സഹായങ്ങളും ചെയ്ത് തന്നത്. എന്റെ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ഒറ്റയ്ക്കാണ് വന്നത്. ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാം അദ്ദേഹം ചെയ്ത് തന്നു. ആ സാറിനെ ഞാൻ മറക്കണോ? ഒരിക്കലും ഉണ്ടാകില്ല. ആ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. അതിന് കിട്ടിയ ശിക്ഷയാണിത്. എനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും ഞാൻ പോയിട്ടില്ല.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞത് ഞാൻ അറിഞ്ഞത്. ഡയറക്ടർ തന്നെയാണ് വിളിച്ച് പറഞ്ഞത്. 13 വർഷം ഞാൻ ജോലി ചെയ്തതാണ്. കേട്ടപ്പോൾ സങ്കടമായി. ഇത് പറഞ്ഞത് കൊണ്ട് മാത്രമാണ് ജോലി പോയത്. കുടുംബശ്രീയുടെ പേരിലല്ല ജോലിക്ക് കയറിയത്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയത്. തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെങ്കിൽ കയറും. അവിടുത്തെ ഡോക്ടർമാരൊക്കെ നല്ലവരാണ്. എനിക്ക് പൂർണ പിന്തുണയാണ് അവർ തന്നത്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കം. കാരണം അദ്ദേഹത്തിന്റെ അച്ഛൻ പാവങ്ങൾക്ക് വേണ്ടി ജീവിച്ചൊരാളാണ്.അല്ലാതെ വികസനത്തിന് വേണ്ടി ജീവിച്ചയാളല്ല', സതിയമ്മ പറഞ്ഞു.
അതേസമയം സതിയമ്മയെ പിരിച്ചുവിട്ടതിൽ രാഷ്ട്രീയമില്ലെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചത്. സതിയമ്മ താൽകാലിക ജോലിക്കാരിയല്ലെന്നും ജിജിമോൾ എന്ന താൽകാലിക ജോലിക്കാരിക്ക് പകരമായാണ് അവർ ജോലി ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. ജിജിമോളുടെ അക്കൗണ്ടിലേക്കു വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications