ബിജെപി വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടി തോല്‍ക്കുമായിരുന്നു: എകെ ബാലന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ബി ജെ പിയുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി തോറ്റു പോകുമായിരുന്നുവെന്ന് സി പി എം നേതാവ് എകെ ബാലന്‍. കഷ്ടിച്ചാണ് ഉമ്മന്‍ ചാണ്ടി രക്ഷപ്പെടുന്നത്. 2016 ല്‍ മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കില്‍ 2021 ല്‍ അത് ഒമ്പതിനായിരത്തിലേക്ക് എത്തി. ഉമ്മന്‍ ചാണ്ടി തോല്‍ക്കും എന്നുള്ള അന്തരീക്ഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം വഴിവിട്ട നിലപാട് സ്വീകരിച്ചത്. ഇതോടെ ബി ജെ പിയുടെ 21000 വോട്ട് 11000 ത്തിലേക്ക് താഴ്ന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിലച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്റെ കാലത്താണ് നടപ്പിലായത്. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനം പറഞ്ഞ് വോട്ട് ലഭിക്കില്ല എന്നതുകൊണ്ടാണ് ചാണ്ടി ഉമ്മനെ എല്‍ ഡി എഫ് പിന്തുണയ്ക്കണമെന്ന് വരെ പറഞ്ഞത്. പരസ്പരം പാരവച്ച് തകര്‍ന്ന ഒരു പാര്‍ടിയാണ് കോണ്‍ഗ്രസ്. കണ്ണീരിന്റെ അണകെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാം എന്ന് കരുതേണ്ട. രാഷ്ട്രീയമായിത്തന്നെ തിരഞ്ഞെടുപ്പിനെ കാണും. വ്യക്തിപരമായി തിഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണില്ല. കേരളത്തിന്റെ വികസനത്തിന് പൂര്‍ണ്ണമായും മുടക്കുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. വിലാപയാത്രയ്ക്ക് എത്തിയതെല്ലാം വോട്ടാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കരുത്.

പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തും ഭരിക്കുന്നത് എല്‍ ഡി എഫ് ആണ്. ഏറ്റവും ശക്തമായ പാർട്ടി സംവിധാനം അവിടെയുണ്ട്. ആ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് മത്സരിക്കാന്‍ വരുന്നതെങ്കിലും നല്ലോണം വെള്ളം കുടിക്കും. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു ഭയപ്പാടുമില്ല. കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അങ്ങനെ ചെയ്താല്‍ വോട്ടർമാർക്ക് വലിയ മതിപ്പുണ്ടാകില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നും എകെ ബാലന്‍ പറയുന്നു.
പുതുപ്പള്ളിയില്‍ വികസനം എത്താത്ത മേഖലകള്‍ ഇപ്പോഴുമുണ്ട്. കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍, ഉള്ളത് ഉള്ളതും ഇല്ലാത്തത് ഇല്ലാത്തതുമാണ്. വിഴിഞ്ഞം പദ്ധതിക്ക് രൂപം കൊടുത്തത് വിഎസ് അച്യുതാനന്ദനാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ ഭൂമിയെടുപ്പ് നടത്തിയത് നായനാരുടെ കാലത്താണ്. മെട്രോ കൊണ്ടുവരുന്നത് കെവി തോമസിന്റെ കാലഘട്ടത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നിലച്ചുപോയ പദ്ധതികളാണ് ദേശീയ പാത വികസനവും ഗെയില്‍ പദ്ധതിയും. ഗെയില്‍ പദ്ധതി പിണറായി വിജയന്റെ കാലത്ത് പൂർത്തീകരിച്ചു, ദേശീയ പാത വികനം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.












Click it and Unblock the Notifications