വെള്ളമെടുത്തില്ലേ... ഇത്തിരി വൈദ്യുതി തരൂ...
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എന്തായാലും തമിഴ്‌നാട് കൊണ്ടുപോയി. ഡാമിന്റെ ഉയരും കൂട്ടാനുള്ള വിധിയും നേടിയെടുത്തു. സംസ്ഥാനത്തെ നാല് ഡാമുകളുടെ ഉടമസ്ഥാവകാശവും തങ്ങള്‍ക്കാണെന്നാണ് തമിഴ്‌നാടിന്റെ വാദം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഞങ്ങളെ ഇത്തിരി സഹായിച്ചുകൂടെ എന്നാണ് കേരള മുഖ്യന്റെ ചോദ്യം.
കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്ത് തമിഴ്‌നാടിനോട് വൈദ്യുതി അഭ്യര്‍ത്ഥിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞ് ജയലളിതക്ക് കത്തയച്ചു.

വെള്ളത്തില്‍ നിന്ന് മാത്രമല്ല, കാറ്റില്‍ നിന്നും തമിഴ്‌നാട് നന്നായി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അങ്ങനെ കാറ്റില്‍ നിന്ന് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് കുറച്ച് കേരളത്തിന് തരണം എന്നാണ് ആവശ്യം.
പണ്ട് തമിഴ്‌നാടിന് ഇതുപോലെ വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോള്‍ കേരളമാണത്രെ സഹായിച്ചത്. അത് പോലെ തിരിച്ച് സഹായിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അന്ന് വൈദ്യുതി കൊടുക്കാന്‍ കെഎസ്ഇബിയുമായി ഉണ്ടാക്കിയതുപോലെ ഒരു കരാര്‍ ഇപ്പോഴും ഉണ്ടാക്കാമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നുണ്ട്.
മഴ തുടങ്ങിയിട്ടും കേരളത്തില്‍ ഇപ്പോഴും ലോഡ് ഷെഡിങ് തുടരുകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ജനം എതിരാകുമെന്ന് മുഖ്യമന്ത്രിക്കുറപ്പാണ്. ഏത് വിധേനയും വൈദ്യുതിയെത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിന്റെ ഭാഗമാണ് ഈ കത്ത്.












Click it and Unblock the Notifications