ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വഴിനീളെ ആയിരങ്ങള്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വന്‍ജനാവലിയാണ് കാത്തിരുന്നത്.
തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയില്‍ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദര്‍ശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും ആറ് മണിക്ക് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദര്‍ശനത്തിന് വെക്കും.

പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തലസ്ഥാനത്ത് ജനസാഗരമാണ് തടിച്ച് കൂടിയിരിക്കുന്നത്. പൊതുദര്‍ശനം ഏര്‍പ്പാടാക്കിയ നാലിടങ്ങളും ഇതിനോടകം ജനനിബിഡമാണ്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലും ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനായി റോഡിനിരുവശവും തിങ്ങി നിറഞ്ഞിരിക്കുന്നത്. പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാത്രിയോടെ മൃതദേഹം വീണ്ടും തിരുവനന്തപുരത്തെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. തുടര്‍ന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായാണ് ജന്മനാടായ കോട്ടയത്തേക്ക് പുറപ്പെടുക. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 79 കാരനായ ഉമ്മന്‍ ചാണ്ടി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാംഗമായ റെക്കോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ്.
നേരത്തെ ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി വന്‍ ജനാവലിയാണ് ബെംഗളൂരുവിലും എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സിദ്ധരാമയ്യ എന്നിവര്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളും ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.












Click it and Unblock the Notifications