പുതുപ്പള്ളിക്കാരുടെ ഇടയിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞ് എത്തുന്നു: ജനസാഗരമായി ജനനായകന്റെ വിലാപ യാത്ര
തിരുവനന്തപുരം: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് ഇന്ന് ജന്മനാട്ടിലേക്ക് അവസാന യാത്ര. ഒരു നാടിനെ മുഴുവന്‍ സ്വന്തം വീട്ടുകാരും കുടുംബക്കാരുമാക്കിയ ജന നേതാവിന്റെ ഭൗതിക ശരീരം വിലാപ യാത്രയായിട്ടാണ് തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ മണിക്കൂറുകളില്‍ പതിനായിരക്കണക്കിന് ആളുകളായിരുന്നു പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനായി പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കൊണ്ടിരുന്നത്.
പാതി രാത്രിയിലും ഒരു നിമിഷം പോലും അണമുറിയാതെ ജനപ്രവാഹം ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥർ പാടുപെട്ടു. ചില സമയങ്ങളില്‍ തിരക്ക് നിയന്ത്രണാധീതമായി. തുടർന്ന് രാവിലെ 7.15 ന് തന്നെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം വിലാപയാത്രയോടൊപ്പമുണ്ട്. യാത്ര കടന്ന് പോകുന്ന എംസി റോഡില്‍ ഇന്ന് ഗഗതാഗത നിയന്ത്രണമേർപ്പെടുത്തി. കോട്ടയത്ത് ഉച്ചക്ക് ശേഷം കളക്ടർ വിദ്യാർത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

കെഎസ്ആർടിസിയുടെ പ്രത്യേക വാഹനത്തിലാണ് വിലാപയാത്ര സജ്ജീകരിച്ചിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി യാത്ര കോട്ടയത്ത് എത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യകർമ്മങ്ങള്‍ ആരംഭിക്കും.
പതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പ്രത്യേക കബറിടം ഒരുങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനങ്ങളോടുള്ള ആദര സൂചകമായിട്ട് പ്രത്യേക കബർ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിക്കുകയായിരുന്നു. പള്ളിയുടെ അങ്കണത്തിൽ വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബറിടം ഒരുക്കിയിരിക്കുന്നത്.
കരോട്ട് വള്ളക്കാലിൽ കുടംബ കല്ലറ പള്ളി സെമിത്തേരിയില്‍ നിലനിൽക്കെയാണ് ആദരസൂചകമായി പ്രത്യേക കബറിടം പണിയാന്‍ പള്ളി തീരുമാനിക്കുന്നത്. കോട്ടയത്തുണ്ടെങ്കില്‍ എല്ലാ ഞായാറാഴ്ചയും ഞായറാഴ്ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുർബാന ഉമ്മൻചാണ്ടി മുടക്കിയിരുന്നില്ല. പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വേർപാട് പുതുപ്പള്ളിക്കും അതുപോലെതന്നെ പുതുപ്പള്ളി പള്ളിക്കും ഒരു തീരാനഷ്ടമാണെന്ന് പള്ളി വികാരി ഫാദർ വർഗീസ് പറഞ്ഞു.












Click it and Unblock the Notifications