ഓപ്പറേഷൻ കാവേരി; ഇന്ത്യൻ പൗരൻമാരുടെ ആദ്യ സംഘം ദില്ലിയിലെത്തി, 19 മലയാളികൾ
ദില്ലി:കലാപ കലുഷിതമായ സുഡാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ പൗരൻമാരുടെ ആദ്യ സംഘം ദില്ലിയിലെത്തി. 367 പേരാണ് വിമാനത്തിൽ ഉണ്ടായത്. ഇതിൽ 19 പേർ മലയാളികളാണ്. ഇവരെ പ്രത്യേക വാഹനത്തിൽ കേരള ഹൗസിലേക്ക് കൊണ്ടുപോകും.
ആദ്യ സംഘം ദില്ലിയിൽ നിന്നും പുറപ്പെടുന്ന വീഡിയോ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നിർദേശത്തിലാരംഭിച്ച 'ഓപ്പറേഷൻ കാവേരി ' മുന്നേറുന്നു. ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരൻമാർ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. സൗദി എയർലൈൻസ് SV3620 9 മണിയോടെ ഡൽഹിയിലെത്തും.

അഭിമാനവും ആഹ്ലാദവും നൽകുന്ന രക്ഷാദൗത്യം വിജയിപ്പിച്ച ടീം അംഗങ്ങൾക്ക് അഭിനന്ദനം. ഓപ്പറേഷൻ കാവേരിക്ക് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുന്നു. ഈ വലിയ ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തിയത്. ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.
പോർട്ട് സുഡാനിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് ഇന്ത്യക്കാരുടെ സംഘം ജിദ്ദയിൽ എത്തിയത്. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിലായിരുന്നു ആദ്യ സംഘത്തെ ജിദ്ദയിൽ എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കും
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
മലയാളികൾക്ക് വിമാന ടിക്കറ്റുകൾ നൽകുമെന്നും ഇവർക്ക് താമസിക്കാനായി ദില്ലിയിൽ ഹോട്ടൽ മുറികൾ തയ്യാറാക്കിയിട്ടുണ്ടെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
പൗരൻമാരെ ഒഴിപ്പിച്ച് രാജ്യങ്ങൾ
സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസം ഫ്രാൻസ്, സൗദി തുടങ്ങിയ രാജ്യങ്ങൾ പൗരൻമാരെ നാട്ടിലെത്തിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെയാണ് സുഡാനിൽ നിന്നും ഒഴിപ്പിച്ചത്.












Click it and Unblock the Notifications