ഒപ്പറേഷന്‍ പഞ്ചി കിരണ്‍: ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് ഗൂഗിള്‍ പേ വഴി, വന്‍ ക്രമക്കേടുകള്‍
തിരുവനന്തപുരം: ഒപ്പറേഷന്‍ പഞ്ചി കിരണിന്റെ ഭാഗമായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകളില്‍ നിന്നും പണം പിടിച്ചെടുത്തു. പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ആധാരം എഴുത്തുകാര്‍ ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചുകൊടുക്കുന്നതെന്ന് കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സബ് ജിസ്ട്രാര്‍ ഓഫീസിലെ സ്റ്റാഫുകളുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 17000 രൂപ പിടിച്ചെടുത്തു. മാവേലിക്കര സബ് ജിസ്ട്രാര്‍ ഓഫീസില്‍ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കല്‍ നിന്നും 47000 രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള പരിശോധനയാണ് വിജിലന്‍സ് നടത്തുന്നത്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആധാരം എഴുത്തുകാര്‍ മുഖാന്തിരം, ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ആധാരത്തിനും കക്ഷികളില്‍ നിന്നും പണം ചോദിച്ചുവാങ്ങുകയും ഈ പണം കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസിലെ റിക്കാര്‍ഡ് റൂമിലെ അലമാരകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ച് വൈകുന്നേരം ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.
വിജിലന്‍സ് കിഴക്കന്‍ മേഖലാ ഓഫീസ് സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സീനിയര്‍ ക്ലര്‍ക്കിന്റെ കൈവശം പേഴ്സണല്‍ ക്യാഷ് ഡിക്ടറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ 3470 രൂപ കൂടുതലായി കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷിച്ചതില്‍ തൃപ്തികരമായ വിശദീകരണം നല്‍കുവാന്‍ ഇയാള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ തുടരന്വേഷണഭാഗമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ, നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് സബ് രജിസ്ട്രാര്‍ക്ക് വേണ്ടി 3000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ, കല്ലിയൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള വസ്തു പരാതിക്കാരന്റെ പേരില്‍ പ്രമാണം ചെയ്യുന്നതിലേക്കായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നേമം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
ഓഫീസ് അറ്റന്‍ഡന്റ് ആയ ശ്രീജ പരാതിക്കാരനെ സമീപിച്ച് സബ് രജിസ്ട്രാറെ കണ്ടാല്‍ എത്രയും വേഗം പ്രമാണം രജിസ്റ്റര്‍ ചെയ്തു തരുമെന്നു പറഞ്ഞ് പരാതിക്കാരനെയും കൂട്ടി സബ് രജിസ്റ്ററുടെ മുന്നിലെത്തിക്കുകയും, കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സബ് രജിസ്ട്രാര്‍ കൈക്കൂലിയായി 3000 രൂപ ശ്രീജയെ ഏല്‍പ്പിക്കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ദക്ഷിണ മേഖല യൂണിറ്റ് പോലീസ് സൂപ്രണ്ട് ജയശങ്കര്‍ ഐ.പി.എസിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശോനുസരണം ഡെപൂട്ടി പോലീസ് സൂപ്രണ്ട് സി.എസ്. വിനോദ് ഒരുക്കിയ കെണിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍വച്ച് ഓഫീസ് അറ്റന്‍ഡന്റ് ആയ ശ്രീജ 3000 രൂപ കൈക്കൂലി വാങ്ങി ഫയലുകള്‍ക്കിടയില്‍ ഒളിപ്പിക്കവെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.












Click it and Unblock the Notifications