ഒആർ കേളു പുതിയ മന്ത്രി: വയനാടിന്റെ ചരിത്രത്തിലെ ആദ്യ സിപിഎം മന്ത്രി, വകുപ്പുകളില്‍ മാറ്റം
തിരുവനന്തപുരം: ഒ ആർ കേളു പുതിയ മന്ത്രിയാകും. ആലത്തൂർ ലോക്സഭ മണ്ഡലത്തില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധകൃഷ്ണന് പകരമായിട്ടാണ് ഒആർ കേളു രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട്ടിലെ മാനന്തവാടി മണ്ഡലത്തില്‍ നിന്നുള്ള സി പി എം നിയമസഭാംഗമാണ് ഒ ആർ കേളു. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കെ രാധാകൃഷ്ണന്‍ വഹിച്ചിരുന്ന വകുപ്പുകളില്‍ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മാത്രമാണ് ഒആർ കേളുവിന് ലഭിക്കുക. ദേവസ്വം വകുപ്പ് വിഎന്‍ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷിനും കൈമാറും.
വയനാടിന്റെ ചരിത്രത്തില്‍ സി പി എമ്മില്‍ നിന്നുള്ള ആദ്യ മന്ത്രിയാണ് ഒ ആർ കേളു. ബാലുശേരി എം എല്‍ എയായ സച്ചിന്‍ദേവും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതായുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയാണ് കേളുവിന് ഗുണകരമായത്.

മന്ത്രിസ്ഥാനം ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണെന്നായിരുന്നു വാർത്ത അറിഞ്ഞതിന് ശേഷമുള്ള ഒ ആർ കേളുവിന്റെ ആദ്യ പ്രതികരണം. 'പാർട്ടി അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ഒരു കാര്യമാണ്. ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, വന്യമൃഗ ശല്യങ്ങള്‍ എന്നിവയാണ് വയനാട് ജില്ല നേരിടുന്ന പ്രധാന വിഷയങ്ങള്‍. പിന്നെ കേരളത്തിലുടനീളം ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങളുണ്ട്. കെ രാധാകൃഷ്ണനും എ കെ ബാലനായാലും എല്‍ ഡി എഫിന്റെ നയങ്ങളാണ് നടപ്പാകുന്നത്. അത് തുടരും.' നിയുക്ത മന്ത്രി ഒആർ കേളു പറഞ്ഞു.
ആദ്യമായിട്ടാണ് മന്ത്രിയാകുന്നത്. അതുകൊണ്ട് പ്രവർത്തി പരിചയക്കുറവുമുണ്ട്. പാർലമെന്ററി കാര്യമൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ പരിചയമുള്ളവർ തന്നെ വരുന്നതാണ് അതിന്റെ ശരിയെന്നും വകുപ്പ് വിഭജനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഒ ആർ കേളു പറഞ്ഞു. ആദിവാസി മേഖലയില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആ വിഭാഗം നേരിടുന്ന പ്രശ്നങ്ങളില്‍ ഒരു വ്യക്തയുണ്ട്. എം എല്‍ എ എന്ന നിലയില്‍ തന്നെ വന്യമൃഗ പ്രതിരോധങ്ങള്‍ക്കായി ചെയ്യുന്നു. രണ്ട് കോടിയോളം രൂപ ഇതിനായി നീക്കിവെച്ചു. വയനാട് പാക്കേജിലും ഇതിന് വേണ്ട പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാണ് ഓ ആർ കേളു
രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ വയനാട് രാഷ്ട്രീയത്തില്‍ സജീവമാണ് ഒ ആർ കേളു. 2000 ല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്നുള്ള ഗ്രാമപഞ്ചായത്ത് അംഗമായാണ് ഒ ആർ കേളു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പിന്നീട് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പികെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക്. 2021ലും അദ്ദേഹംത്തിന് വിജയം ആവർത്തിക്കാന്‍ സാധിച്ചു.












Click it and Unblock the Notifications