ഓറഞ്ച് അലർട്ട് പിൻവലിച്ചു; അഞ്ച് ജില്ലകളിൽ നാളെ യെല്ലോ..മഴ അധിക ദിവസം നീളില്ല?
സംസ്ഥാനത്ത് മഴ മുന്നറയിപ്പിൽ മാറ്റം. നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കേരളത്തിൽ കനത്ത മഴ; ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്ക്; എൽനിനോ കടുക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ പരക്കെ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ജൂൺ ഒന്നിന് ശേഷം സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണിത്. സാധാരണ ഗതിയിൽ ഒരു ദിവസം ലഭിക്കേണ്ട ശരാശരി മഴ 2.1 സെന്റീമീറ്റർ ആണെന്നാണ് കണക്കുകൾ. എന്നാൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ മാത്രം കേരളത്തിൽ 5.3 സെന്റീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.
ജൂൺ ഒന്നു മുതൽ വെള്ളിയാഴ്ച രാവിലെ വരെ കേരളത്തിൽ 48.6 സെന്റീമീറ്റർ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചയോടെ ഇത് 53.9 സെന്റീമീറ്ററായി ഉയർന്നു. ഈ സീസണിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴ 73 സെന്റീമീറ്റർ ആണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. കുമരകത്ത് 13.5 സെന്റീമീറ്ററും കോട്ടയത്ത് 12.4 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി.
ബുധൻ വരെ മധ്യ-ഉത്തര കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ മഴ അധികദിവസം നീണ്ടുനിൽക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തെ മഴയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് പോകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ജൂൺ പകുതിയോടെ ശക്തമാകേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം, കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലാണ് കേരളത്തിൽ സജീവമായത്.
പടിഞ്ഞാറൻ കാറ്റിന്റെ വരവാണ് ഇപ്പോൾ മഴ നൽകുന്നത്. എന്നാൽ ഇതിനുശേഷമുള്ള അടുത്ത കാറ്റിന്റെ വരവ് ഒരിടത്തും കാണാനില്ല. വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത് ഈ മഴ ഏതാനും ദിവസങ്ങൾ കൂടി മാത്രമേ നീണ്ടുനിൽക്കൂ എന്നാണ്. അതിനുശേഷം വീണ്ടും മഴ കുറയും.
പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽനിനോ' പ്രതിഭാസം ഇപ്പോഴത്തെ കാറ്റിന്റെ ഗതിയെ ബാധിക്കുന്നുണ്ടെന്ന് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. രാജേന്ദ്രനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 1997-ൽ ലോകം സാക്ഷ്യം വഹിച്ചതിനേക്കാൾ കടുത്ത എൽനിനോ പ്രതിഭാസത്തിനാണ് ഇത്തവണ സാധ്യതയെന്നാണ് എല്ലാ ഏജൻസികളുടെയും കണക്കുകൂട്ടൽ.
1997-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അനുകൂലമായ കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിന് കനത്ത മഴ ലഭിക്കുകയും എൽനിനോയുടെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അത്തരം അനുകൂല സൂചനകളൊന്നും ജൂൺ, ജൂലൈ മാസങ്ങളിൽ ഇതുവരെ പ്രകടമായിട്ടില്ല. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 1997-ൽ എൽനിനോ സമയത്ത് സമുദ്രോപരിതലത്തിലെ താപനില 1.5 മുതൽ 1.7 ഡിഗ്രി വരെയാണ് ഉയർന്നതെങ്കിൽ, ഇത്തവണ അത് 3 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.












Click it and Unblock the Notifications