മരണത്തിലും പുതുജീവനേകി ആലിന്‍... പിഞ്ചുകുഞ്ഞിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ജീവന്റെ തുടിപ്പാകും
തിരുവനന്തപുരം: റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ഇന്ന് തന്നെ കൈമാറ്റം ചെയ്യും. ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആലിന്‍. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ആലിന് മസ്തിഷക മരണം സംഭവിക്കുകയായിരുന്നു.
ഇതോടെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആലിന്റെ മാതാപിതാക്കള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍ ഷെറിന്‍. ഇതോടെ അവയവകൈമാറ്റത്തിന് വേണ്ട എല്ലാ നടപടികളും വേഗത്തിലായി. വൃക്കയും കരളും ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കണ്ണുകള്‍ നേത്രബാങ്കിനും കൈമാറി.

വൃക്കകള്‍ ഇന്ന് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗമാണ് അവയവങ്ങള്‍ കൊണ്ടുപോകാനായി തിരഞ്ഞെടുത്തത്. ഗതാഗത തടസം ഒഴിവാക്കാന്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് പൊലീസ് ആംബുലന്‍സിന് വഴിയൊരുക്കുന്നത്. KL07DF3177 എന്ന ആംബുലന്‍സിലാണ് വൃക്കകള്‍ കൊണ്ടുപോയിരിക്കുന്നത്.
ഇതിനോടകം പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ ആംബുലന്‍സ് പിന്നിട്ട് കഴിഞ്ഞു. അമൃതയില്‍ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തന്‍കാവ്, ഏറ്റുമാനൂര്‍, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് ആലിന്റെ വൃക്കകള്‍ നല്‍കുന്നത്.
അവയവ ദാതാവും സ്വീകര്‍ത്താവും ഏറ്റവും പ്രായം കുറഞ്ഞവര്‍ ആണെന്ന പ്രത്യേകതയും ഈ അവയവദാനത്തിനുണ്ട്. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുഞ്ഞിന് നല്‍കും. കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള കുട്ടിക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലേക്കുമാണ് ദാനം ചെയ്യുന്നത്. അതേസമയം ഇന്‍ക്വസ്റ്റ് നടപടികളും ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
സംസ്ഥാന ബഹുമതികളുടെയാണ് കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറുക. അതേസമയം തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications