അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ
കാെച്ചി: അവയവ കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹൈദരബാദ് റാക്കറ്റിലെ മുഖ്യകണ്ണിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹൈദരബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യ പ്രതിയായ സാബിത്ത് നാസർ മൊഴി നൽകിയിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി ഇയാളെ പിടികൂടിയത്.
പ്രതാപൻ എന്ന പേരിൽ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത് എന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ആലുവയിൽ എത്തിച്ച ശേഷം ചോദ്യം ചെയ്തു, നിലവിൽ ആലുവ പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ. ഓൺലൈനിൽ ആളെ കണ്ടെത്തിയ ശേഷം അവയവ ദാതാവാകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.

കേരളത്തിൽ നിന്ന് ഒരാൾ മാത്രമാണ് ഇരയായത് എന്നാണ് വിവരം. കൂടുതൽ പേരും ഹൈദരബാദ് തമിഴ്നാട് സ്വദേശികൾ ആണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പോലീസ് ഹൈദരാബാദിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരവും പോലീസിന് ലഭിച്ചിരുന്നു.
ഒന്നാം പ്രതി സാബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നതും ഹൈദരാബാദിൽ വെച്ചാണ് എന്നാണ് കണ്ടെത്തിയിരുന്നത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സാബിത്ത് നാസർ പോലീസിനോട് പറഞ്ഞിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും വെളിപ്പെടുത്തിയിരുന്നു. 2019 ൽ സ്വന്തം വൃക്ക വിൽക്കാൻ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞതെന്നും ഇതിന് പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് നാസർ പറഞ്ഞിരുന്നു.
അതേ സമയം കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലൂകോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഹൈദരബാദ് സ്വദേശിയിൽ നിന്ന് തേടാനാണ് നീക്കം. അവയവ കടത്തിൽ ഇരയായ പാലക്കാട് സ്വദേശി ഷബീറിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയിലാണെന്നാണ് വിവരം. ശാസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല. പോലീസ് എത്തുന്ന കാര്യം അറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലെ താമസസ്ഥലം മാറ്റിയിരുന്നു.












Click it and Unblock the Notifications