'ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചു മരണപ്പെട്ടു, കിച്ചുവും ഡോണിയും തീവ്രപരിചരണ വിഭാഗത്തിൽ', കുറിപ്പുമായി ഇഷാൻ ദേവ്
ശനിയാഴ്ച നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട ബെനറ്റ് രാജിനെ അനുസ്മരിച്ച് ഗായകന്‍ ഇഷാന്‍ ദേവ്. ശബരിമല അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴിയിലാണ് ഇഷാന്‍ ദേവിന്റെ ഭക്തിഗാന സദസ്സിന്റെ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ബെനറ്റ് രാജ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.
എതിര്‍വശത്ത് നിന്ന് അമിത വേഗത്തില്‍ വന്ന ഫോര്‍ച്യൂണറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇഷാന്‍ ദേവിന്റെ സംഘത്തിലെ ഡ്രമ്മര്‍ ആയിരുന്ന കിച്ചുവിന്റെ സുഹൃത്ത് ആണ് ബെനറ്റ് രാജ്. അപകടത്തിന് പിന്നാലെ ബെനറ്റിനെ കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന കിച്ചു എന്ന് വിളിക്കുന്ന പിആര്‍ രജീഷ്, ഗിത്താറിസ്റ്റ് ഡോണി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
മറ്റ് കാറുകളുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് ഇഷാന്‍ദേവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇടിച്ച വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് ശ്രമിക്കുന്നുണ്ടെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും ഇഷാൻ ദേവ് പറഞ്ഞു.

ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ഇന്നലെ ഞങ്ങളുടെ ബാന്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ റോംഗ് സൈഡ് കയറി വന്ന ഫോർച്യൂൺ ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപെട്ടു.
മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ സർജറി കഴിഞ്ഞു.. ഗിറ്റാറിസ്റ് ഡോണിക്കു തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സർജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തിൽ ആണ്.
കുടുംബ അംഗങ്ങളും ഞങ്ങൾ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയിൽ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനും, സപ്പോർട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാകണം.












Click it and Unblock the Notifications