മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർ വർക്കുകൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരം മോഹൻലാലും ഒന്നിച്ചെത്തിയ ഒരുമണിക്കൂർ ദൈർഘ്യമുള്ള കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയത് 11,21,000 രൂപയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ ഇത്തരം പിആർ വർക്കുകൾക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
വാർത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നൽകിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികൾ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം പറഞ്ഞത്.
പ്രിയതാരം മോഹൻലാലും മുഖ്യമന്ത്രിയും മുഖാമുഖം വന്ന പരിപാടി എന്ന നിലയിൽ ഇതിന് വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാൽ സാധാരണക്കാരായ ജനങ്ങൾ വിലക്കയറ്റവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുമ്പോൾ, സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ ഒരു പരിപാടിക്കായി ലക്ഷങ്ങൾ ചിലവിട്ടത് ധൂർത്താണെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.

പരിപാടിയുടെ നിർമ്മാണത്തിനായി ഒരു സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സാധാരണയായി ഇത്തരം അഭിമുഖങ്ങൾ ചാനലുകൾ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ സർക്കാർ പണം നൽകി ഒരു അഭിമുഖം തയ്യാറാക്കി ചാനലുകൾക്ക് നൽകുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുമെന്നതിൽ സംശയമില്ല.
സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചും മുഖ്യമന്ത്രി ഈ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ഉള്ളടക്കത്തേക്കാൾ ഉപരിയായി, ആ പരിപാടിക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.












Click it and Unblock the Notifications