ഇത് ജയരാജനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയാടൽ; സിബിഐക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു.....
കണ്ണൂർ: കേന്ദ്ര സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ. കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി സിബിഐയുടെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജന്റെ പ്രസ്താവന വന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്ന സിബിഐ നടപടി കേന്ദ്ര സർക്കാർ തന്നെ വേട്ടയാടുന്നുവെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിബിഐക്കെതിരെ നടപിടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രകൻ
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ പി ജയരാജനെ മുഖ്യ ആസൂത്രകനാക്കിയാണ് സിബിഐ കുറ്റപത്രം. ജയരാജനെ കൂടാതെ മറ്റ് ആറ് പേരെയും ഉള്‍പ്പെടുത്തിയാണ് തലശേരി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

25-ാം പ്രതി
കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്ന അവസാന അന്വേഷണ റിപ്പോര്‍ട്ടില്‍ 25 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 25-ാം പ്രതിയാണ് ജയരാജന്‍ എന്നാൽ ആസൂത്രകനാണെന്ന ശക്തമായ വാദങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലാഴ്ത്തി
ഒന്നാം പ്രതിയായ വിക്രമനുമായി ജയരാജന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി. മനോജിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ജയരാജനാണ്. കൊലപാതകത്തിലൂടെ കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്.

അന്വേഷണം വഴിതിരിച്ച് വിട്ടു
അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം എത്തിയപ്പോള്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച് വഴി തിരിച്ച് വിടാനാണ് ജയരാജന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.

ചുമത്തിയ വകുപ്പിൽ യുഎപിഎയും
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്.

പ്രതികാരം
ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു.












Click it and Unblock the Notifications