കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാബറി മസ്ജിദിനകത്തെ രാമവിഗ്രഹം സരയുവിലേക്ക് വലിച്ചെറിയാൻ പറഞ്ഞ നെഹ്റു'! കോൺഗ്രസിനോട് പി ജയരാജൻ!

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് കാലത്ത് അയോധ്യയിൽ ആഗസ്റ്റ് 5ന് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്ത് കമൽനാഥും ദിഗ്വിജയ് സിംഗും അടക്കമുളള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തുമ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കളെ ക്ഷണിക്കാത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്. സംഘപരിവാറിനോട് ചേർന്ന് നിൽക്കുന്ന നിലപാടെടുക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസ് നേതാക്കളായ കമല്‍നാഥും ദ്വിഗ്വിജയ് സിംഗും അടക്കമുളളവരും കേരളത്തിൽ ചെന്നിത്തലയും കൂട്ടരും ബിജെപി അജണ്ട വിജയിപ്പിക്കുന്നവരായി മാറിയെന്ന് ജയരാജൻ തുറന്നടിച്ചു.

സന്തോഷിക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കളും

സന്തോഷിക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കളും

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' ആഗസ്ത് 5 ന് അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിടുമ്പോള്‍ സന്തോഷിക്കുന്നത് സംഘപരിവാര്‍ നേതാക്കന്‍മാര്‍ മാത്രമല്ല കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂടിയാണെന്ന വാര്‍ത്ത നമ്മെ അതിശയപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ്സിന്‍റെ ആദ്യകാലം മുതല്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളോട് സഹകരിച്ചിരുന്ന നേതാക്കന്‍മാര്‍ ഉണ്ടായിട്ടുണ്ട്. അതേസമയം നെഹ്റുവിനെപ്പോലെയുള്ള മതനിരപേക്ഷവാദികളും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്.

സരയു നദിയിലേക്ക് വലിച്ചെറിയാൻ

സരയു നദിയിലേക്ക് വലിച്ചെറിയാൻ

കോണ്‍ഗ്രസ്സിലും ആര്‍എസ്സ്എസ്സിലും ഒരേ സമയം അംഗത്വമെടുക്കാനുള്ള നിലപാടുകള്‍ക്കെതിരായി നെഹ്റു ഉറച്ചുനിന്നു. മാത്രവുമല്ല 1948 ല്‍ ബാബറി മസ്ജിദിനകത്ത് രാമ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ അത് സരയു നദിയിലേക്ക് വലിച്ചെറിയാനാണ് നെഹ്റു സംസ്ഥാന ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടത്. പിന്നീട് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയ കാലത്താണ് ഇവിടെ ശിലാന്യാസ പൂജനടത്താന്‍ അനുവാദം നല്‍കികൊണ്ട് നെഹ്റുവിന്‍റെ നിലപാടുകളെ അട്ടിമറിച്ചത്.

കോണ്‍ഗ്രസ്സ് നേതാക്കളെ കൂടി ക്ഷണിക്കണം

കോണ്‍ഗ്രസ്സ് നേതാക്കളെ കൂടി ക്ഷണിക്കണം

നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് 1992 ഡിസംബര്‍ 6ന് സംഘപരിവാര്‍ ശക്തികള്‍ ബാബ്റിമസ്ജിദ് പൊളിച്ചത്. പിന്നീട് 2019 നവംബര്‍ 9 ന് പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയാണ് ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മന്ദിര്‍ നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തുമ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കളെ കൂടി ക്ഷണിക്കണമെന്നാണ് കമല്‍നാഥും ദ്വിഗ്വിജയ് സിംഗും ആവശ്യപ്പെടുന്നത്.

മതനിരപേക്ഷതയുടെ മരണമണി

മതനിരപേക്ഷതയുടെ മരണമണി

മസ്ജിദ് പൊളിച്ചത് മതനിരപേക്ഷതയുടെ മരണമണി മുഴങ്ങലായിരുന്നു. രാം ജന്മഭൂമി-ബാബ്റി മസ്ജിദിന്‍റെ തര്‍ക്കത്തിന്‍റെ പേരില്‍ രാജ്യത്തുടനീളം ആയിരക്കണക്കിന് പൗരന്‍മാരുടെ ജീവനും രക്തവുമാണ് നഷ്ടപ്പെട്ടത്. ഇതാകട്ടെ ഹിന്ദുത്വ വോട്ട് ബേങ്ക് രൂപീകരിക്കാനും അതുവഴി ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിച്ചുപറ്റാനുമുള്ള സംഘപരിവാര്‍ അജണ്ടയായിരുന്നു. ഈ അജണ്ടാ നടത്തിപ്പുകാരായി കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ മാറി.

രാമക്ഷേത്ര നിർമ്മാണത്തിന് എതിരല്ലെന്ന്

രാമക്ഷേത്ര നിർമ്മാണത്തിന് എതിരല്ലെന്ന്

ഒടുവിലിതാ കമല്‍നാഥും ദ്വിഗ്വിജയ് സിംഗും മുതല്‍ കേരളത്തിലെ മഹിളാ കോണ്‍ഗ്രസ്സ് നേതാവുവരെ ആര്‍.എസ്സ്.എസ്സ് അജണ്ട വിജയിപ്പിക്കുന്നവരായി മാറി. ചെന്നിത്തലയും കൂട്ടരും ബി.ജെ.പിയുടെ കേരള അജണ്ട വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഏറ്റവുമൊടുവിൽ കെ മുരളീധരൻ എംപിയും പറഞ്ഞത് രാമക്ഷേത്ര നിർമ്മാണത്തിന് എതിരല്ല എന്നാണ്. അതേസമയം സി.പി.ഐ.എം എല്ലാ കാലത്തും ആര്‍.എസ്സ്.എസ്സ് അജണ്ടയ്ക്കെതിരായി നിലപാടെടുത്തിട്ടുണ്ട്.

ആര്‍.എസ്സ്.എസ്സിനെതിരെ ഉറച്ച നിലപാട്

ആര്‍.എസ്സ്.എസ്സിനെതിരെ ഉറച്ച നിലപാട്

അടിയന്തരാവസ്ഥാ ഭരണം അറബിക്കടലിലെറിഞ്ഞ ജനതാ പാര്‍ടി ഭരണകാലത്ത്, ജനതാ പാര്‍ടിയിലും ആര്‍.എസ്സ്.എസ്സിലും ഒരേ സമയം തുടരാമോ എന്ന വിഷയത്തില്‍ ജനതാ പാര്‍ടിയിലെ മതനിരപേക്ഷ ശക്തികള്‍ക്കൊപ്പമാണ് അണിനിരന്നത്. കേരളത്തില്‍ ജീവാര്‍പ്പണം ചെയ്തും ആര്‍.എസ്സ്.എസ്സിനെതിരെ ഉറച്ച നിലപാടെടുത്ത പാര്‍ടിയാണ് സി.പി.ഐ.എം.

മുസ്ലീംലീഗ് നേതാക്കള്‍ ഒന്നും മിണ്ടാത്തതെന്ത്?

മുസ്ലീംലീഗ് നേതാക്കള്‍ ഒന്നും മിണ്ടാത്തതെന്ത്?

രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടിനെക്കുറിച്ച് എന്താണ് മുസ്ലീംലീഗ് നേതാക്കള്‍ ഒന്നും മിണ്ടാത്തത്?. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐ ക്കും വെല്‍ഫെയര്‍ പാര്‍ടിക്കും എന്താണ് പറയാനുള്ളത്?. അവരുടെ പ്രതികരണമറിയാന്‍ സമൂഹം കാത്തിരിക്കുന്നു'' എന്നാണ് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

English summary
P Jayarajan alleges Congress of supporting Sanghparivar agenda in Ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X