പിന്നില്‍ പി. ജയരാജനാണോ? അന്‍വറിന്റെ മറുപടി ഇങ്ങനെ, 'റിയാസ് മുഖ്യമന്ത്രിയെ തിരുത്താത്തതെന്ത്?'
മലപ്പുറം: പി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ട് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ് എന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ പിന്നില്‍ ജനങ്ങള്‍ മാത്രമാണ് ഉള്ളത്. പി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ പിന്നിലുണ്ട് എന്നത് തെറ്റായ കാര്യമാണ്.
താനിക്കാര്യം ആരോടും സംസാരിച്ചിട്ടില്ല എന്നും കെടി ജലീലിനോടോ കാരാട്ട് റസാഖിനോടോ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറ്റേണ്ട ഉത്തരവാദിത്വം മുഹമ്മദ് റിയാസിന് ഉണ്ട് എന്നും അന്‍വര്‍ വ്യക്തമാക്കി. 'മുഹമ്മദ് റിയാസ് ഒരു രാഷ്ട്രീയ നേതാവാണ്. മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചു എന്നത് കൊണ്ട് അദ്ദേഹം രാഷ്ട്രീയ നേതാവാകാതെയിരിക്കില്ല.

അദ്ദേഹം എസ് എഫ് ഐയിലൂടേയും ഡിവൈഎഫ്‌ഐയിലൂടേയും വന്ന ആളാണ്. ഈ പ്രതിസന്ധികളൊക്കെ നാട്ടില്‍ നടക്കുമ്പോഴും അദ്ദേഹത്തിന് ഇടപെടാന്‍ പറ്റും. മുഖ്യമന്ത്രി തെറ്റിദ്ധരിച്ചതാണെങ്കില്‍ തിരുത്താന്‍ പറ്റും. മുഖ്യമന്ത്രിയേക്കാള്‍ താഴേക്കിറങ്ങി വരാന്‍ കഴിവുള്ളയാളാണ് റിയാസ്. മുഖ്യമന്ത്രിയ്ക്ക് അദ്ദേഹത്തിന്റേതായ പൊസിഷന്‍ കീപ്പ് ചെയ്യേണ്ടതുണ്ട്, അദ്ദേഹത്തിന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്.
താഴേക്കിറങ്ങി വരാന്‍ സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ട്. ജനങ്ങളുടെ ഇടയില്‍ നടക്കുന്ന ആള്‍ റിയാസാണല്ലോ. അദ്ദേഹം മന്ത്രിയും പാര്‍ട്ടി നേതാവും മാത്രമല്ല, മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയാണ്. ആ നിലക്ക് അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് സിഎമ്മിനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത്,' അന്‍വര്‍ ചോദിച്ചു. ശശിക്കും അജിത് കുമാറിനുമെതിരായ പോരാട്ടത്തില്‍ പ്രത്യക്ഷത്തില്‍ എനിക്ക് മുഖ്യമന്ത്രി പിന്തുണ തന്നിരുന്നു.
പിന്നീടാണ് കേസന്വേഷണം സത്യസന്ധമായി നടക്കുന്നില്ല എന്ന് മനസിലാക്കുന്നത്. പിന്നീട് തെളിവുകള്‍ പുറത്തുവിടുകയും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും ചെയ്തപ്പോഴാണ് ഞാന്‍ കള്ളക്കടത്തുസംഘത്തിന്റെ ഭാഗമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതോടെയാണ് എനിക്ക് മുഖ്യമന്ത്രിയോട് പറഞ്ഞ കാര്യങ്ങളൊക്കെ പറയേണ്ടി വന്നത്. ശശിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംരക്ഷണം ലഭിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ക്ഷണം ലഭിക്കുന്നത് സ്വാഭാവികമാണ്. ബിജെപിയടക്കം ക്ഷണിച്ചേക്കാം. അതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ സിപിഎമ്മിനോട് വിധേയപ്പെട്ട് നില്‍ക്കുന്നത് ഗതികേട് കൊണ്ടാണ്. തുടര്‍ഭരണത്തെ കുറിച്ച് പ്രവചിക്കാനാകില്ല. രണ്ട് വര്‍ഷം കഴിഞ്ഞ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും പറയാനില്ല എന്നും അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications