പി ജയരാജന് വീണ്ടും നോട്ടീസ്; അറസ്റ്റ് ഉണ്ടായേക്കും
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ക്കു മുന്നില്‍ ഹാജരാകാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും നോട്ടീസ് അയച്ചു. ഇതു മൂന്നാം തവണയാണ് പി ജയരാജന് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജയരാജന്‍ നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ചൊവ്വാഴ്ച 11 മണിക്ക് തലശ്ശേരി ക്യാമ്പ് ഓഫീസിലെത്താനാണ് ജയരാജന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. നാലു ദിവസം മുന്‍പും ജയരാജന് നോട്ടീസ് അയച്ചിരുന്നു. തുടരെ രണ്ടുതവണ ജയരാജന് സിബിഐ നോട്ടീസ് അയച്ചതോടെ ജയരാജന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായി. നിയമ വിദഗ്ധരുമായി ആലോചിച്ച് സിബിഐയ്ക്കു മുന്നില്‍ ഹാജരാകണോ എന്നത് തീരുമാനിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

കേസില്‍ അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി വിക്രമന് ജയരാജനുമായുണ്ടായ അടുപ്പമാണ് സിബിഐ അന്വേഷിക്കുന്നത്.
ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. അതുകൊണ്ടുതന്നെ ജയരാജന്‍ മനോജിന്റെ കൊലപാതകത്തില്‍ ഇടപെട്ടിട്ടുണ്ടാകുമെന്ന് സിബിഐ സംശയിക്കുന്നു. വിക്രമന്‍ ജയരാജന്റെ മുന്‍ ഡ്രൈവര്‍ കൂടിയാണ്. എന്നാല്‍, വിക്രമനുമായി അടുത്തകാലത്തൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ജയരാജന്‍ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications