സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ട! ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് പി ജയരാജൻ....
കൊലപാതകത്തിൽ യഥാർഥ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്.
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ഷുഹൈബ് വധത്തെ പാർട്ടി അപലപിച്ചതായിരുന്നു. കൊലപാതകത്തിൽ യഥാർഥ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്. ഷുഹൈബ് വധക്കേസിൽ കേരള പോലീസ് സത്യസന്ധമായ അന്വേഷണമാണ് നടത്തിയത്. കോൺഗ്രസും ഇക്കാര്യം അംഗീകരിച്ചിരുന്നു- പി ജയരാജൻ കൂട്ടിച്ചേർത്തു.

വലതുപക്ഷ രാഷ്ട്രീയ സംഘടനകളും അവർക്ക് ഓശാന പാടുന്ന മാധ്യമങ്ങളും സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും പി ജയരാജൻ പറഞ്ഞു. സിപിഎമ്മിനെ അടിച്ചമർത്താൻ ഇതിനുമുൻപും ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും, രാജ്യത്ത് നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കാനുള്ള സംഘപരിവാർ ശക്തികൾക്കൊപ്പമാണ് ഇപ്പോൾ കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications