പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം. വധക്കേസില്‍ പ്രതിയായ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിക്കാന്‍ നിയമതടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ഈ നീക്കം. ഇത് സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
റാമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അടിയന്തര ഘട്ടത്തില്‍ അനുവദിക്കാം എന്നാല്‍ 24 മണിക്കൂറിലധികം സ്വകാര്യ ആശുപത്രിയില്‍ പ്രതി കഴിയാന്‍ പാടില്ല. അതിനാല്‍ ജയരാജനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട നടപടികള്‍ ജയില്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കായിരിക്കും കൊണ്ടുപോവുകയെന്നും ജയില്‍ അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്.

കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications