ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; സതീശന് രാജീവിന്റെ മറുപടി
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമമന്ത്രി പി രാജീവിന്റെ മറുപടി. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്ന് രാജീവ് പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതിനാലാണ് ഓര്‍ഡിനന്‍സാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ഭരണഘടനാപരമല്ല. 14, 12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഹൈക്കോടതി വിധികള്‍ വകുപ്പ് 12നെ മാത്രം പരാമര്‍ശിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഴുവന്‍ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും രാജീവ് പറഞ്ഞു. ലോകയുക്ത എന്നത് ശുപാര്‍ശ അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അര്‍ധ ജുഡീഷ്യറി സംവിധാനം മാത്രമാണ്, നിര്‍ദേശിക്കാനുള്ള സംവിധാനമല്ല. ലോകായുക്തയ്‌ക്കെതിരെ അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.

ലോകായുക്തയുടെ വിധികള്‍ സര്‍ക്കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ് പുതിയ നിയമ നിര്‍മാണം കൊണ്ടുവരുന്നത്. ലോകായുക്ത നിയമനത്തിന് മുന്‍ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈക്കോടതി ജഡ്ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ഭേദഗതിയും വരുത്തുന്നുണ്ട്. അഴിമതി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല എന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്.
ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
അതേസമയം ഓര്‍ഡിനന്‍സിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടുമായിരുന്നെന്നും കാനം ചൂണ്ടിക്കാട്ടി.
നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ ഡി എഫ് അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തതെന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.












Click it and Unblock the Notifications