കേന്ദ്രത്തിന് തടയാനാകില്ല; എച്ച്എല്‍എല്‍ ലേലത്തില്‍ കേരളം പങ്കെടുക്കുമെന്ന് രാജീവ്
തിരുവനന്തപുരം: എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലേലത്തില്‍ ( ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ) കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. എച്ച് എല്‍ എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും കേന്ദ്രം ഉന്നയിക്കുന്ന തടസവാദം നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തടസം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലേലത്തില്‍ കേരളം പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. നേരത്തെ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയയ്ക്കുകയായിരുന്നു. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം എതിര്‍പ്പറിയിച്ചിരുന്നു.

എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ 5375 കോടി ടേണോവര്‍ ഉള്ള, പിന്നിട്ട വര്‍ഷം 145 കോടി ലാഭം നേടിയ പൊതുമേഖലാ സ്ഥാപനം ആണ്. ഈ വര്‍ഷം ഇതുവരെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പനക്ക് വെച്ച പട്ടികയില്‍ എച്ച് എല്‍ എല്ലിനെയും ഉള്‍പ്പെടുത്തിയതോടെയാണ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. ഇതിനായി കേരളം സന്നദ്ധത അറിയിച്ചിരുന്നു. കെ എസ് ഐ ടി സിയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയെന്നോണമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. സര്‍ക്കാരിന് നേരിട്ട് 51 ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കേരളത്തോട് അറിയിച്ചിരിക്കുന്നത്. 2002 ല്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചാണ് തടസവാദം ഉന്നയിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന് പുതിയ വഴികള്‍ തേടേണ്ടി വരുമെന്ന് ഉറപ്പായി. കേന്ദ്രമന്ത്രി സഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനം മാറ്റുകയാണ് കേരളത്തിന് മുന്നിലുള്ള ഒരു മാര്‍ഗം.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച് എല്‍ എല്ലിന്റെ ആസ്ഥാനവും നാല് ഫാക്ടറികളും കേരളത്തിലാണ്. 1969ല്‍ തുടങ്ങിയ സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് ഒരു രൂപ വാങ്ങിയാണ് 19 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്. അതേസമയം ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതും. സര്‍ക്കാരിന്റെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് കത്തെഴുതുന്നത്. ലേലത്തില്‍ തങ്ങള്‍ക്ക് പങ്കെടുക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വീണ്ടും കേരളം ഉന്നയിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചപ്പോഴും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. ഒരു ഭാഗത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും എന്നാല്‍ അത് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.












Click it and Unblock the Notifications