പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി, നിയമനം റദ്ദാക്കണം, തുറന്നടിച്ച് ജെബി മേത്തര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്. ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു. പി ശശിയുടെ നിയമനം റദ്ദാക്കണമെന്ന് ജെബി ആവശ്യപ്പെട്ടു. ശശി ഇപ്പോള്‍ വിശുദ്ധനായോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. നേരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ശശിയുടെ നിയമനത്തിനെതിരെ പി ജയരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും, മുമ്പ് ചെയ്ത തെറ്റുകള്‍ ശശി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ജയരാജന്‍ തുറന്നടിച്ചിരുന്നു.

ഇതേ ആരോപണമാണ് ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസും ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ കളങ്കിതരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ജെബി മേത്തര്‍ പറഞ്ഞു. ഇന്നലെയാണ് സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള നിയമനം അംഗീകരിക്കുന്നത്. പതിനൊന്ന് വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.
ശശിയുടെ നിയമനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിയ ജയരാജന്‍ മുമ്പ് ശശിക്കെതിരെ എന്തിന്റെ പേരിലാണോ നടപടിയെടുത്തത് ആ തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചു. തന്റെ പക്കല്‍ അതിനുള്ള തെളിവുണ്ടെന്നും ജയരാജന്‍ സൂചിപ്പിച്ചു. ശശിയുടെ നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശിയുടെയും തട്ടകമായ കണ്ണൂരില്‍ നിന്ന് തന്നെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അതേസമയം എതിരഭിപ്രായമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമനകാര്യം ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ അല്ല ഇക്കാര്യം പറയേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.
അതേസമയം പി ശശിയുടെ നിയമനം സംസ്ഥാന കമ്മിറ്റി എകകണ്ഠമായാണ് അംഗീകരിച്ചത്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. പലവിധ അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പി ശശിക്ക് യാതൊരു വിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടേണ്ട ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications