എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍ വർധനവ്: ഒന്നാമത് അന്‍വർ, പിന്നാലെ കുഴല്‍നാടന്‍, കുറവ് ഇദ്ദേഹത്തിന്
തൃശൂർ: കേരളത്തിലെ എം എല്‍ എമാരുടെ ആസ്തിയില്‍ വലിയ വർധനവെന്ന് റിപ്പോർട്ട്. 2016 ല്‍ നിന്നും 2021 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്തെ 70 എം എല്‍ എമാരുടെ ആസ്തിയില്‍ വർധനവ് ഉണ്ടായെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ആസ്തിയില്‍ ശരാശരി 1.28 കോടിരൂപയുടെ, അതായത് 54 ശതമാനം വർധനവ് ഇക്കാലയളവില്‍ രേഖപ്പെടുത്തി.
2016 ല്‍ കേരളത്തിലെ എം എല്‍ എമാരുടെ ശരാശരി ആസ്തി 2.36 കോടിയായിരുന്നു. എന്നാല്‍ അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഇത് 3.64 കോടിയായി ഉയർന്നു. സംസ്ഥാനത്തെ 140 എം എല്‍ എമാരില്‍ 75 പേരാണ് കോടീശ്വരന്മാർ. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എയായ പിവി അന്‍വറാണ്. 64 കോടിയിലേറെയാണ് പിവി അന്‍വറിന്റെ ആസ്തി.

രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടന്റെ ആസ്തി 34 കോടിയിലേറെയാണ്. 27 കോടിയുടെ സ്വത്തുമായി പാലാ എം എല്‍ എ മാണി സി കാപ്പാന്‍ മൂന്നാമതുണ്ട്. സമ്പത്തില്‍ മാത്രമല്ല, ബാധ്യതയുടെ കാര്യത്തിലും പിവി അന്‍വർ തന്നെയാണ് ഒന്നാമത്. 17 കോടിയുടെ ബാധ്യതാണ് അന്‍വറിനുള്ളത്. മന്ത്രി വി അബ്ദുറഹ്മാന് ഏഴ് കോടിയിലേറെ രൂപയുടെ ബാധ്യതയാണ് ഉള്ളത്. മാണി സി കാപ്പന്റെ ബാധ്യത നാല് കോടിയാണ്.
തരൂര്‍ എം എല്‍ എ പിവി സുമോദ് ആണ് ഏറ്റവും കുറവ് സമ്പാദ്യമുള്ള നിയമസഭാംഗം. 9 ലക്ഷമാണ് സുമോദിന്റെ സമ്പാദ്യം. സംസ്ഥാനത്തെ നിയമസഭാംഗങ്ങളില്‍ 96 പേരാണ് ക്രിമിനല്‍ കേസുകളുള്ളവർ. അതായത് സംസ്ഥാന നിയമസഭയിലെ 71 ശതമാനം എം എല്‍ എമാർക്കും ക്രിമിനല്‍ കേസുണ്ട്. ഇതില്‍ 37 പേർക്കെതിരെ ഗുരുതരമായ കേസുകളാണുള്ളത്. അഞ്ചുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരാണു പലരുമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനത്തില്‍ പറയുന്നു.
സി പി എമ്മിന്റെ 44 എം എല്‍ എമാർക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. കോണ്‍ഗ്രസ് 20, മുസ്ലിം ലീഗ് 12, സി പി ഐ 7, കേരള കോണ്‍ഗ്രസ് 3, മറ്റ് കേരളാ കോണ്‍ഗ്രസുകള്‍ 4, ആര്‍ എസ് പിയുടെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും ഒന്നുവീതം എം എല്‍ എമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. ആറ് സ്വതന്ത്ര എം എല്‍ എമാരില്‍ നാലുപേരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്.












Click it and Unblock the Notifications