പത്മജ വേണുഗോപാല്‍ വീണ്ടും കോണ്‍ഗ്രസിലേക്കോ? ബിജെപിയില്‍ അതൃപ്തി, കരുനീക്കം ശക്തം
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ കടുത്ത അതൃപ്തിയിലെന്ന് വിവരം. പാര്‍ട്ടി വേണ്ട വിധം പരിഗണിച്ചില്ല എന്നാണ് അവരുടെ വികാരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചെങ്കിലും തോറ്റ ശേഷം പ്രധാന നേതാക്കള്‍ ബന്ധപ്പെടുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുമെന്നല്ലാതെ മറ്റു നേതാക്കള്‍ അവരെ ഗൗനിക്കുന്നില്ലെന്ന പരാതിയും പത്മജയ്ക്കുണ്ട്.
അതിനിടെ പത്മജയെ വീണ്ടും കോണ്‍ഗ്രസിലെത്തിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. കെ മുരളീധരനുമായി അടുപ്പമുള്ളവരാണ് ഇതിന് പിന്നില്‍. എന്നാല്‍ പത്മജക്കെതിരെ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ രംഗത്തുണ്ട്. പത്മജയുടെ അതൃപ്തി മനസിലാക്കി ഒരുപക്ഷേ, ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കാനുള്ള സാധ്യതയുമുണ്ട്.

ദുബായില്‍ മകളുടെ അടുത്തേക്ക് പോകുകയാണ് പത്മജ. തിരിച്ചെത്തിയാല്‍ സുപ്രധാന രാഷ്ട്രീയ തീരുമാനം അവര്‍ എടുത്തേക്കും. ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുമോ, അതോ ബിജെപി നേതൃത്വം അവരെ ആശ്വസിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ സഹകരണം സംബന്ധിച്ച് അവര്‍ പുകഴ്ത്തി സംസാരിച്ചിരുന്നു.
അമിത് ഷാ ഉള്‍പ്പെടെ ബന്ധപ്പെട്ടതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ പിന്തുണയും അവര്‍ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റാലും സുപ്രധാന പദവി പത്മജയ്ക്ക് ബിജെപി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗവര്‍ണര്‍ പദവിയോ മറ്റോ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുമുണ്ടായില്ല.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിവേദിത സുബ്രഹ്മണ്യത്തെ നിയമിച്ചതും പത്മജയെ ആശയക്കുഴപ്പത്തിലാക്കി. ഇനി കൂടുതല്‍ സാധ്യതയില്ലെന്ന് ബോധ്യമായതിനാലാണ് പത്മജയ്ക്ക് അതൃപ്തി. തന്നോടൊപ്പം നില്‍ക്കുന്നവരെയും ബിജെപി പരിഗണിക്കാത്തതും അതൃപ്തി ഇരട്ടിയാക്കി. ഈ സാഹചര്യത്തില്‍ അവര്‍ ബിജെപി വിടാനുള്ള സാധ്യതയുണ്ട്. രണ്ടാഴ്ച കഴിഞ്ഞാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരും.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ പ്രധാന പരിപാടികളില്‍ പത്മജയുടെ സാന്നിധ്യമുണ്ടായില്ല എന്നതും എടുത്തു പറയണം. തൃശൂരിലെ ബിജെപി നേതാക്കള്‍ക്കും പത്മജയുടെ അതൃപ്തി സംബന്ധിച്ച് അറിയാം. ദുബായില്‍ നിന്ന് തിരിച്ചെത്തിയാല്‍ പത്മജ ഭാവി രാഷ്ട്രീയം സംബന്ധിച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചേക്കും. ആര്‍ ശ്രീലേഖ വിമതക്കൊടി ഉയര്‍ത്തിയ തലവേദന ബിജെപി ഒരുവിധം പരിഹരിച്ച് വരവെയാണ് പത്മജയുടെ ഭാഗത്ത് നിന്നുള്ള നീക്കം.


Click it and Unblock the Notifications
