ഷാഫി പറമ്പില്‍ പാലക്കാട് വിട്ടതെന്തിന്? ഇനി ആര് മല്‍സരിക്കും... സതീശന്റെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവും
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ഓരോ ദിവസവും കേരള രാഷ്ട്രീയത്തില്‍ രസകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശം സഹോദരനും സിറ്റിങ് എംപിയുമായ കെ മുരളീധരനെ തൃശൂരിലെത്തിച്ചിരിക്കുകയാണ്. വടകരയില്‍ മല്‍സരിക്കാന്‍ പാലക്കാട് നിന്ന് ഷാഫി പറമ്പിലുമെത്തി.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വ്യത്യസ്തമായ വഴിയിലാണ് സഞ്ചരിക്കുന്നത്. ഇനിയും നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പത്മജ പറയുന്നു. എന്നേക്കാള്‍ വലിയവരാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരികയെന്നും ബിജെപി പ്രവേശത്തിന് ശേഷം ആദ്യമായി തൃശൂരിലെത്തിയ പത്മജ വെളിപ്പെടുത്തി.

ഷാഫി പറമ്പിലിനെ പാലക്കാട് നിന്ന് വടകരയിലേക്ക് മാറ്റിയതിന് പിന്നിലെ രാഷ്ട്രീയം തനിക്ക് അറിയാമെന്ന് പത്മജ പറയുന്നു. ഷാഫി വടകരയിലേക്ക് മാറിയതോടെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ഇതിനുള്ള കളിയാണ് നടക്കുന്നത്. തനിക്കെല്ലാം അറിയാമെന്നും ഇതിനിടയില്‍ കിടന്ന് വളര്‍ന്നയാളല്ലേ താനെന്നും പത്മജ പറഞ്ഞു.
അതേസമയം, വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. അത് കണ്ടവര്‍ക്ക് അറിയാം ഷാഫി തന്നെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും അതിന് കോണ്‍ഗ്രസിന് വേണ്ടി താന്‍ ചുക്കാന്‍ പിടിക്കുമെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പത്മജയുടെ ബിജെപി പ്രവേശനം നിസാര സംഭവമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഇനിയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന പത്മജയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കളില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തും. ഇടതുപക്ഷ നേതാക്കള്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പത്മജ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിലാണ് ഇടതുപക്ഷ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതെന്നും പത്മജ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിലായിരുന്ന വേളയില്‍ ചന്ദനക്കുറി തൊടുമ്പോള്‍ പ്രയാസം നേരിട്ടിരുന്നുവെന്ന് അവര്‍ ഇന്നും ആവര്‍ത്തിച്ചു. തൃശൂരില്‍ രണ്ടാം തവണ തോറ്റപ്പോഴാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും പത്മജ വിശദീകരിച്ചു.
തന്നെ തോല്‍പ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് പത്മജ സൂചന നല്‍കി. പ്രിയങ്ക ഗാന്ധി വരുന്ന പരിപാടിക്ക് 22 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വ്യക്തിയുടെ പേരും വെളിപ്പെടുത്തി. കെപിസിസിയില്‍ നിന്ന് പണം ലഭിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്ന മുരളിയെ തൃശൂരെത്തിച്ചത് തോല്‍പ്പിക്കാനാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും. മുരളിയെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിക്കുമെന്നും പത്മജ പറഞ്ഞു.












Click it and Unblock the Notifications