പരാതിയോ പ്രതിഷേധമോ ഇല്ല; ചുമതല സന്തോഷത്തോടെ ഏറ്റെടുക്കും: പ്രതികരണവുമായി പത്മജ
തൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വം തന്നെ ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരാതിയോ പ്രതിഷേധമോ ഇല്ല. പാര്‍ട്ടി എന്തു ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ഒരു സ്ഥാനം വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യുമെന്നും പത്മജ വ്യക്തമാക്കി. നിര്‍വാഹക സംമിതിയിലേക്ക് തഴഞ്ഞതായി തോന്നുന്നില്ലെന്നും പാര്‍ട്ടിക്ക് എഥിരെ പ്രവര്‍ത്തിക്കാനില്ലെന്നും പത്മജ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു പത്മജയുടെ പ്രതികരണം.

സംഘടന തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പത്മജ പറയുന്നു. സംഘടന തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്താണ് പത്മജ ഇക്കാര്യം വ്യക്തമാക്കിയത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. പത്മജ വേണുഗോപാല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലാണ് ഇടം നേടിയത്. വിടി ബല്‍റാം, എന്‍ ശക്തന്‍, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍.
അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എഎ ഷുക്കൂര്‍, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, മഴകുളം മധു തുടങ്ങിയവരുള്‍പ്പെടെയാണ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാലിനെ കൂടാതെ അനില്‍ അക്കര, ടോമി കല്ലാനി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുള്‍പ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേ സമയം, പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഭാരവാഹികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കാം. അതില്‍ അസംതൃപ്തിയുള്ളവരുണ്ടാകാം . ഒഴിവാക്കപ്പെട്ടവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ സാമുദായിക പ്രാതിനിധ്യം അടക്കം പാലിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കഴിവാണ് മാനദണ്ഡം. എല്ലാവകരും സമര്‍ത്ഥരായ നേതാക്കളാണ് . ഭാരവാഹിത്വം ലഭിക്കാത്തതിന്റെ പേരില്‍ ആരും തെരുവിലേക്ക് ഇറങ്ങുമെന്ന് തോന്നുന്നില്ല. വനിതകല്‍ക്ക് പത്ത് ശതമാനം പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. സെക്രട്ടറിമാരുടെ പട്ടികയില്‍ കൂടുതല്‍ വനിത പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications