നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം നാണം കെട്ടതെന്ന് പത്മജ, 'ബിജെപിയെ കേരളം ഏറ്റെടുക്കാൻ തുടങ്ങി'
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇറക്കിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് മോഹന്‍ ജോര്‍ജിന് 8648 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 148 വോട്ടുകള്‍ മാത്രം കൂടുതല്‍.
പാർട്ടിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചത് ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചനയാണെന്നാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ ബിജെപിയുടെ പത്മജ വേണുഗോപാലിന്റെ വിലയിരുത്തൽ. എൽഡിഎഫിന്റെ വോട്ട് അൻവർ പിടിച്ചിട്ടും ജമാ അത്തെ ഇസ്ലാമി അടക്കമുളളവരുടെ വോട്ട് കിട്ടിയിട്ടും ഇത്ര ഭൂരിപക്ഷമേ നേടാനായുളളൂ എന്നത് യുഡിഎഫിന്റേത് നാണംകെട്ട വിജയമാണെന്ന് വ്യക്തമാക്കുന്നതായും പത്മജ വേണുഗോപാൽ പ്രതികരിച്ചു.

പത്മജ വേണുഗോപാലിന്റെ പ്രതികരണം: ''കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി ഡി സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ.
മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യു ഡി എഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി, കൂടാതെ പി വി അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം 'ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ' എന്നത് കൂടിയാണ്. അപ്പോൾ പല വഴിക്കുള്ള ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ വിജയത്തെ നാണം കേട്ട ജയം എന്ന കൂടി പറയേണ്ടി വരും.
സി പി ഐ എമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കി എങ്കിലും വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. അതെസമയം ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തിൽ ഉയർത്താൻ ബി ജെപിക്ക് കഴിഞ്ഞെങ്കിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടി ആണ്''.
ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകൾ കൊണ്ട് മാത്രമാണ് യുഡിഎഫ് ജയിച്ചതെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ടുകളാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ, എൽഡിഎഫിൻ്റെ വോട്ട് വിഭജിക്കുകയും ചെയ്തില്ലായിരുന്നു എങ്കിൽ, യുഡിഎഫിന് ഈ വിജയം സാധ്യമാകില്ലായിരുന്നു. മാറാത്തത് ഇനി മാറും. അഴിമതിയുടെയും രാഷ്ട്രവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം ചർച്ച ചെയ്യുന്ന രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ആ മാറ്റത്തിൻന്റെ തുടക്കമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരിൽ വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചത് ബിജെപിക്ക് മാത്രമാണ്. കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും പ്രീണന രാഷ്ട്രീയത്തെ തുറന്നു കാട്ടാൻ സാധിച്ചതിൻ്റെ ഫലമാണിത്. വികസിത കേരളമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകാൻ ആത്മവിശ്വാസം പകരുന്ന ഫലമാണ് നിലമ്പൂരിലേത്., രാജീവ് ചന്ദ്രശേഖർ പറഞ്ഞു.












Click it and Unblock the Notifications