'എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ടി വരും, അല്ലേല്‍ പാലം വലിക്കും' ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം
കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. താന്‍ മുമ്പ് പറഞ്ഞത് തെറ്റല്ല എന്ന് ഇപ്പോള്‍ തരൂര്‍ പറയുന്നത് കേട്ടപ്പോള്‍ ബോധ്യമായില്ലേ എന്നും പത്മജ പറഞ്ഞു. തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അദ്ദേഹമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പത്മജ പറഞ്ഞു.
കെപിസിസിയുടെ പല യോഗങ്ങളിലും ഞാന്‍ പോകുന്ന വേളയില്‍ ശശി തരൂരിനെ കാണാറില്ല. വിളിച്ചിട്ടില്ല എന്നാണ് മറുപടി ലഭിക്കാറ്. വര്‍ക്കിങ് കമ്മിറ്റി അംഗമാണ് തരൂര്‍. എന്നിട്ടും ഒരു പരിപാടിക്കും തരൂരിനെ പങ്കെടുപ്പിക്കില്ല. കോണ്‍ഗ്രസുകാര്‍ അയിത്തം പോലെ അദ്ദേഹത്തെ അകറ്റി നിര്‍ത്തുന്ന രീതിയാണുള്ളതെന്നും പത്മജ പറഞ്ഞു.

ഏത് പാര്‍ട്ടി വേണം എന്ന് തീരുമാനിക്കേണ്ടത് ശശി തരൂര്‍ ആണ്. നമ്മള്‍ പോയി വിളിക്കേണ്ട ആളല്ല. ഇനിയും കോണ്‍ഗ്രസില്‍ തരൂര്‍ തുടരുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം അദ്ദേഹത്തെ അപമാനിച്ചിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. ഈ ഷര്‍ദ്ദിച്ചതെല്ലാം ഒറ്റ ദിവസം കൊണ്ട് വിഴുങ്ങാന്‍ പറ്റില്ലല്ലോ എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
ശശി തരൂര്‍ നല്ലോണം പറഞ്ഞു. ഇവരും തിരിച്ചുപറഞ്ഞു. ശേഷം മുകളില്‍ നിന്ന് കണ്ണുരുട്ടിയപ്പോള്‍ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയി. ഇതാണ് എനിക്ക് തോന്നിയത്. ഇതെല്ലാം സ്ഥിരമായ കാര്യമാണ്. ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ എത്ര പേരാണ്. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ടി വരും. അല്ലേല്‍ മറ്റുള്ളവര്‍ പാലം വലിക്കുമെന്നും പത്മജ പരിഹസിച്ചു.
എല്ലാ കോണ്‍ഗ്രസ് നേതാക്കളും പോയി ഡല്‍ഹി കണ്ടുവരും. അല്ലാതെ ഒന്നും നടക്കില്ല. പുനഃസംഘടന എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാല് കൊല്ലമായി. ഇന്നുവരെ ഒരു ഡിസിസി സെക്രട്ടറിയെ പോലും മാറ്റിയിട്ടില്ല. കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്ന തൃശൂര്‍ പോലുള്ള സ്ഥലത്ത് ഒരു ഡിസിസി അധ്യക്ഷനെ വെയ്ക്കാന്‍ പറ്റുന്നില്ലത്രെ. ആളില്ലെന്നാണ് പറയുന്നത്. ഇത്ര ഗതികേടാണോ കോണ്‍ഗ്രസിന് എന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു.
ബിജെപിയിലേക്ക് ക്ഷണിച്ച പത്മജയുടെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ശശി തരൂര്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. എന്താണ് നിങ്ങള്‍ പറയുന്നത് എന്ന് മനസിലാകുന്നില്ല. എല്ലാം ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞുകഴിഞ്ഞു. ആദ്യം ഞാന്‍ പറഞ്ഞ പോഡ്കാസ്റ്റ് ശ്രദ്ധയോടെ കേള്‍ക്കൂ എന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ്, ശശി തരൂര്‍ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ മാറ്റുമെന്ന പ്രചാരണം ശരിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെ സുധാകരന്‍ മാറേണ്ട സാഹചര്യമില്ലെന്ന് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.












Click it and Unblock the Notifications