'ഇങ്ങനെയൊക്കെ ചെയ്യാമോ'..പത്മജ വേണുഗോപാലിന് എട്ടിന്റെ പണി കൊടുത്ത് ഫേസ്ബുക്ക് അഡ്മിൻ
തൃശൂർ: ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പത്മജ വേണുഗോപാലിന് 'പണികൊടുത്ത്' ഫേസ്ബുക്ക് അഡ്മിൻ. 'ഇഡി വന്നാൽ പിന്നെ ബി ജെ പിയിൽ ചേരുകയല്ലേ രക്ഷയുള്ളൂ',എന്ന് പത്മജയുടെ ഫേസ്ബുക്ക് വാളിൽ കുറിപ്പ് പങ്കുവെച്ചാണ് അഡ്മിന്റെ എട്ടിന്റെ പണി. തൊട്ടുപിന്നാലെ തന്നെ പത്മജ ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ഈ പോസ്റ്റ് പങ്കിടുന്നുണ്ട്.
'ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബി ജെ പിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റിന് കീഴെ നിരവധി പേരായിരുന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ കമന്റുമായി എത്തിയത്. എന്നാലും സ്വന്തം അഡ്മിനെ പോലും പത്മജയ്ക്ക് കൂടെ നിർത്താൻ കഴിഞ്ഞില്ലല്ലോയെന്നായിരുന്നു ചിലർ കമന്റ് ചെയ്തത്.

തന്റെ പരാതികൾ നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്നാണ് പത്മജ പറയുന്നത്. എന്നാൽ പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തതിനാലാണ് അവർ പാർട്ടി വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം. അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് സി പി എമ്മിലേക്ക് പോയില്ലെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു.
അതേസമയം ഇഡി തന്നെ ചോദ്യം ചെയ്തെന്ന വാർത്തകൾ തള്ളി പത്മജയുടെ ഭർത്താവ് വേണുഗോപാൽ രംഗത്തെത്തി. 'ഇഡി തന്നെ ചോദ്യം ചെയ്തിട്ടില്ല. 39 കൊല്ലമായി സംശുദ്ധമായ ജീവിതമാണ് നയിക്കുന്നത്. പത്മജയ്ക്ക് ബിജെപി ഓഫര്‍ വച്ചിരിക്കാം. എനിക്ക് അറിയില്ല. സാധാരണ അംഗമായി ചേരുകയാണ്', എന്നായിരുന്നു വേണുഗോപാൽ പറഞ്ഞത്.
വേദനയോടെയാണ് പത്മജ ബിജെപിയില്‍ പോകുന്നതെന്നും വേണുഗോപാൽ പറഞ്ഞു. പരാതി പറയാന്‍ കോണ്‍ഗ്രസില്‍ ഒരിടമില്ല. തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. എന്നിട്ടും തോറ്റതിന് പിന്നിലുള്ളവരെ ചൂണ്ടിക്കാട്ടി പരാതി കൊടുത്തിട്ടും പാര്‍ട്ടി കാര്യമാക്കിയില്ല.കരുണാകരന്റെ സ്മാരകം നിര്‍മിക്കാന്‍ സ്ഥലം ലഭിച്ചിട്ടും സാധ്യമാകാത്തതിന് കാരണം കോണ്‍ഗ്രസിലെ നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പത്മജയുടെ ബി ജെ പി പ്രവേശം വരുത്തിയ ക്ഷീണം മറികടക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ നിമിഷം മാറ്റം വരുത്തിയിരിക്കുകയാണ് കോൺഗ്രസ്. കെ മുരളീധരനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് തീരുമാനം. സിറ്റിംഗ് എം പിയായ ടി എൻ പ്രതാപനെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും.












Click it and Unblock the Notifications