പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വജ്രാഭരണവും സ്വർണ്ണവും കടത്തി? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അമൂല്യമായ നിധിശേഖരമുള്ള തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തൽ. ക്ഷേത്രത്തിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് അതീവ ഗുരുതരമായ ഈ മോഷണവിവരങ്ങൾ പുറത്തുവന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമം' ദുരൂഹ സാഹചര്യത്തിൽ ക്ഷേത്രത്തിൽ നിന്നും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയി എന്നാണ് ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളിൽ ഉള്ളതെങ്കിലും ഇത് ഇതുവരെ ക്ഷേത്രത്തിൽ തിരികെ എത്തിച്ചിട്ടില്ല. ഇതിന് പുറമെ ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണ ഉരുപ്പടികളിൽ നിന്നും വലിയ തോതിൽ സ്വർണ്ണം മോഷണം പോയതായും പൊലീസ് കണ്ടെത്തി. ഈ ഉരുപ്പടികൾ ഉരുക്കി പരിശോധിച്ചപ്പോൾ 78 ഗ്രാമോളം സ്വർണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ പ്രധാന സ്വർണ്ണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആറുമാസം കഴിഞ്ഞിട്ടും ഈ സ്വർണ്ണവിളക്ക് തിരികെ കൊണ്ടുവന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന അതീവ ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണ്ണമായും നോക്കുകുത്തിയാക്കി നടക്കുന്ന ഈ തുടർച്ചയായ മോഷണങ്ങൾ അതീവ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമുകളിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
വിഐപികൾ ഉൾപ്പെടെ ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും സുരക്ഷാ ഓഡിറ്റിങ് കർശനമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഈ മോഷണങ്ങൾ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങളും കർശന നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications