പാലായിലെ ഇടത് മുന്നേറ്റം; കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി, ആരോപണങ്ങളുമായി നേതാക്കള്‍
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ മാണി സി കാപ്പന്‍ മുന്നേറ്റം നടത്തിയതോടെ കേരള കോണ്‍ഗ്രസില്‍ അടിതുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു വോട്ട് നിലയില്‍ പിന്നില്‍ പോയതിനോടുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ പ്രതികരണം. യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ചിരുന്ന രാമപുരം ഉള്‍പ്പടേയുള്ള പഞ്ചായത്തുകളില്‍ പിന്നില്‍ പോയതിന് പിന്നാലെയായിരുന്നു ജോസ് ടോമിന്‍റെ പ്രതികരണം.
പിജെ ജോസഫ് വിഭാഗത്തിന് പാലാ മണ്ഡലത്തില്‍ അല്‍പമെങ്കിലും സ്വാധീനമുള്ള പഞ്ചായത്ത് കൂടിയാണ് രാമപുരം. ജോസഫ് വിഭാഗത്തിന്‍റെ വോട്ടുകള്‍ ഇവിടെ മാണി സി കാപ്പന് പോയി എന്നാണ് ജോസ് ടോമിന്‍റെ ആരോപണത്തിന് പിന്നിലെ ധ്വനി. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്നായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ ആരോപണം.

അതേസമയം വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ നേടിയ ലീഡ് നില മാണി സി കാപ്പന്‍ നിലനിര്‍ത്തികൊണ്ടുവരികയാണ്. എട്ടാമത്തെ പഞ്ചായത്തെ ഭരണങ്ങാനം എണ്ണുമ്പോള്‍ 3404 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ മുന്നിട്ടു നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ രംഗത്ത് എത്തി. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയിട്ടുണ്ടെന്നും ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് വോട്ട് കച്ചവടത്തിന്‍റെ വ്യക്തമായ തെളിവാണെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ആരോപണം.












Click it and Unblock the Notifications