കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!

Google Oneindia Malayalam News

പാലാ: 'കള്ളൻ കപ്പലിൽ തന്നെ...' തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ ആദ്യ പ്രതികരണമാണിത്. പാലാ മണ്ഡലം അരനൂറ്റാണ്ടിന് ശേഷം കളഞ്ഞ് കുളിച്ച കേരള കോൺഗ്രസ് എമ്മിൽ ഇനിയെന്ത് സംഭവിക്കാൻ പോകുന്നു എന്നതിന്റെ ചൂണ്ടു പലക. പാർട്ടിക്കുളളിലെ ചക്കളത്തിപ്പോര് കേരള കോൺഗ്രസ് എമ്മിന്റ അടിവേരിളക്കിയിരിക്കുന്നു. ജോസ് കെ മാണിയുടെ ബൂത്തിലും യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിലും അടക്കം ലീഡ് നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ഉജ്ജ്വല വിജയം.

ചരിത്രപരമായ തോൽവിയുടെ കാരണങ്ങളെ കുറിച്ചറിയാൻ കേരള കോൺഗ്രസിന് വലിയ തോതിലുളള അന്വേഷണങ്ങളൊന്നും നടത്തേണ്ടതില്ല. ഇടത് ഭരണത്തിന്റെ വിലയിരുത്തൽ എന്നതിനപ്പുറം കേരള കോൺഗ്രസിലെ തമ്മിലടിയോടുളള അമർഷമാണ് പാലാക്കാർ ഈ തിരഞ്ഞെടുപ്പിൽ തീർത്തത് എന്ന് വേണം പറയാൻ. പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയും രണ്ടിലയുടെ പേരിലുമടക്കം പിജെ ജോസഫും ജോസ് കെ മാണിയും പല തവണ കൊമ്പ് കോർത്തു. ഞെട്ടിക്കുന്ന ഈ തോൽവിയോടെ കേരള കോൺഗ്രസിനുളളിൽ എരിഞ്ഞ് കൊണ്ടിരിക്കുന്ന കനൽ ആളിപ്പടരുമെന്നും പൊട്ടിത്തെറിക്കുമെന്നുമുറപ്പാണ്. അതിനുളള സൂചനകളും കണ്ട് തുടങ്ങിയിരിക്കുന്നു. യുഡിഎഫിനുളളിൽ ഇനി കേരള കോൺഗ്രസിന് ലഭിക്കാൻ പോകുന്ന പരിഗണന എന്താകുമെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

ഇത് വെറും തകർച്ചയല്ല, പാലായിൽ അടിവേരിളകി; മാണി വീഴാത്ത പാലായിൽ കാപ്പന്റെ സർജിക്കൽ സ്ട്രൈക്ക്ഇത് വെറും തകർച്ചയല്ല, പാലായിൽ അടിവേരിളകി; മാണി വീഴാത്ത പാലായിൽ കാപ്പന്റെ സർജിക്കൽ സ്ട്രൈക്ക്

പോരടിച്ച് ജോസും ജോസഫും

പോരടിച്ച് ജോസും ജോസഫും

പ്രിയപ്പെട്ട മാണി സാറിന്റെ വിയോഗത്തിന്റെ ആഘാതം മാറും മുൻപേ പാലാക്കാർക്ക് മുന്നിലെത്തിയ കാഴ്ച ജോസ് കെ മാണിയും പിജെ ജോസഫും നേതൃസ്ഥാനത്തിനായി തമ്മിലടിക്കുന്നതാണ്. മാണിയുടെ മരണത്തിന് മുൻപേ തന്നെ മാണിക്ക് ശേഷം ആരെന്ന തർക്കം പാർട്ടിക്കുളളിലുണ്ടായിരുന്നു. കെഎം മാണിയുടെ പുത്ര സ്നേഹം പാലാക്കാർക്ക് അറിയുന്നതാണ്. പാർട്ടിയുടെ കേരള യാത്ര നയിച്ചത് ജോസ് കെ മാണി ആയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ലഭിച്ചതും മാണിയുടെ സ്വന്തക്കാരൻ തോമസ് ചാഴിക്കാടനായിരുന്നു. ഇതോടെ ജോസഫ് വിഭാഗത്തിൽ കടുത്ത അമർഷം പുകഞ്ഞ് തുടങ്ങി.

നെറികെട്ട കളികൾ

നെറികെട്ട കളികൾ

പാർട്ടി ചെയർമാനായ കെഎം മാണിയുടെ മരണത്തോടെ സ്വാഭാവികമായും വർക്കിംഗ് ചെയർമാനായ പിജെ ജോസഫിലേക്കാണ് അധികാരം എത്തേണ്ടിയിരുന്നത്. എന്നാൽ ചെയർമാൻ സ്ഥാനത്തിന് വേണ്ടി ജോസ് കെ മാണി കരുക്കൾ നീക്കിയതോടെ അടി തുടങ്ങി. ഇരുകൂട്ടരും സ്വയം പാർട്ടി ചെയർമാനായി അവരോധിച്ചു. ഇതോടെ ജോസഫ് വിഭാഗം കോടതി കയറി അനുകൂല വിധി തേടി. പിന്നാലെ പാല ഉപതിരഞ്ഞെടുപ്പ് വന്നതോടെ സ്ഥാനാർത്ഥിയെ ചൊല്ലിയായി തർക്കം. ജോസ് കെ മാണിയുടെ ഭാര്യ നിഷയെ പാലായിൽ മത്സരിപ്പിക്കാനുളള നീക്കത്തിന് ജോസഫ് വിഭാഗം ഇടങ്കോലിട്ടു.

രണ്ടില തരില്ല

രണ്ടില തരില്ല

സമവായ സ്ഥാനാർത്ഥി എന്ന നിലയ്ക്കാണ് ഇരുകൂട്ടരും അംഗീകരിച്ച് ജോസ് ടോമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അവിടെയും പിജെ ജോസഫ് വെറുതേ ഇരുന്നില്ല. ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില നൽകാനാവില്ല എന്നായി ജോസഫ്. മാത്രമല്ല ബദൽ സ്ഥാനാർത്ഥിയെ ഇറക്കിയും പിജെ ഒരു കളി കളിച്ചു. സ്ഥാനാർത്ഥിയെ പിന്നീട് പിൻവലിച്ചെങ്കിലും ചിഹ്നം നൽകാൻ പിജെ ജോസഫ് തയ്യാറായില്ല. രണ്ടില ഇല്ലെങ്കിലും പ്രശ്നമില്ല എന്നായിരുന്നു ജോസ് ടോമിന്റെ നിലപാട്. രണ്ടിലയ്ക്ക് പകരം കൈതച്ചക്കയുമായി സ്വതന്ത്രനായി ജോസ് ടോം തിരഞ്ഞെടുപ്പ് പോരിനിറങ്ങി.

കൂവലും തെറിയും

കൂവലും തെറിയും

രണ്ടില ചിഹ്നം ഇല്ലാത്തത് യുഡിഎഫിന്റെ തോൽവിക്കുളള ഒരു പ്രധാന കാരണമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടായി കേരള കോൺഗ്രസിന്റെ അടയാളമാണ് രണ്ടില. മാത്രമല്ല മാണിക്ക് ശേഷം പാർട്ടിയിൽ രണ്ടാമനായ പിജെ ജോസഫിനോട് ജോസ് കെ മാണി കാണിച്ചത് നെറികേടാണ് എന്നും കേരള കോൺഗ്രസ് അണികൾക്ക് അഭിപ്രായമുണ്ട്. അതിനുളള മറുപടി കൂടിയാണ് ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിക്ക് പാലാ നൽകിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേ ജോസഫിനെ ജോസ് കെ മാണി വിഭാഗം അണികൾ കൂവിയതും െതറി വിളിച്ചതും ബൂമറാംഗായി തിരിച്ചടിക്കുകയാണ് ഉണ്ടായിരിക്കുന്നത്.

ശകുനം മുടക്കി

ശകുനം മുടക്കി

പിജെ ജോസഫിനെ രൂക്ഷമായി കടന്നാക്രമിച്ച് കൊണ്ടുളള സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണങ്ങളും തിരിച്ചടിക്ക് ഒരു കാരണമാണ്. തീർന്നില്ല, പാർട്ടി പത്രത്തേയും പിജെ ജോസഫിന് എതിരെ ജോസ് കെ മാണി വിഭാഗം ഉപയോഗിച്ചു. 'ചില നേതാക്കൾ ശകുനം മുടക്കാൻ നോക്കുകുത്തിയെ പോലെ വഴി വിലങ്ങി നിന്നു' എന്നായിരുന്നു പിജെ ജോസഫിനെ ഉന്നം വെച്ച് കൊണ്ട് പാർട്ടി പത്രമായ പ്രതിഛായയിൽ വന്ന ലേഖനം ഒളിയമ്പെയ്തത്. അത് മാത്രമല്ല, വോട്ടെടുപ്പ് ദിവസം പോലും ഇരു ഗ്രൂപ്പ് നേതാക്കളും പരസ്പരം വാക്പോര് നടത്തുകയുണ്ടായി. കേരള കോൺഗ്രസ് എം ആരുടെയും കുടുംബ സ്വത്തല്ല എന്ന തരത്തിൽ കടുത്ത പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി.

 മാണിയല്ല ജോസ്

മാണിയല്ല ജോസ്

ഇവയെല്ലാം പാലായിലെ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തരുന്നത്. അമിത ആത്മ വിശ്വാസം കേരള കോൺഗ്രസിന് പാലായെ സംബന്ധിച്ചുണ്ടായിരുന്നു. കെഎം മാണിയല്ല താനെന്ന് ജോസ് കെ മാണിക്ക് ബോധമുണ്ടായില്ലെങ്കിലും പാലായിലെ ജനത്തിന് ആ തിരിച്ചറിവുണ്ടായിരുന്നു. ഫലത്തിൽ പാലായിൽ നടുതല്ലി വീണിരിക്കുന്നത് ജോസ് കെ മാണി തന്നെയാണ്. ഇതോടെ പാർട്ടിക്കുളളിൽ ജോസിന്റെ ശക്തി ക്ഷയിക്കുകയും പിജെ ജോസഫിന് ബലമേറുകയും കൂടിയാണ് സംഭവിച്ചിരിക്കുന്നത്.

ആരാണ് ശക്തൻ

ആരാണ് ശക്തൻ

തോൽവിയുടെ പഴി മറുവിഭാഗത്തിന്റെ തലയിലിടാനുളള മത്സരം ഇരുകൂട്ടരും തുടങ്ങിക്കഴിഞ്ഞു. പാർട്ടിക്കുളളിലെ ബലപരീക്ഷണം വരും ദിവസങ്ങളിൽ ശക്തമാകും എന്ന കാര്യത്തിൽ തർക്കമില്ല. തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് നൽകുന്ന പ്രാഥമിക പാഠങ്ങളിലൊന്ന് കേരള കോൺഗ്രസിൽ ജോസ് കെ മാണിയല്ല, പിജെ ജോസഫാണ് കരുത്തൻ എന്നത് തന്നെയാണ്. അത് ജോസ് ഒരിക്കലും അംഗീകരിച്ച് നൽകുമെന്ന് കരുതാനാവില്ല താനും. റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നീ എംഎൽഎമാർ ജോസ് കെ മാണിക്കൊപ്പമാണ്. തോമസ് ചാഴിക്കാടൻ, ജോസ് കെ മാണി എന്നീ രണ്ട് എംപിമാരും ഈ വിഭാഗത്തിൽ തന്നെ. ജനപ്രതിനിധികൾ കൂടുതലും ജോസ് കെ മാണിക്കൊപ്പമാണ്. പിജെ ജോസഫ് വിഭാഗത്തിന് ജോസഫ്, മോൻസ് ജോസഫ്, സിഎഫ് തോമസ് എന്നീ എംഎൽഎമാരാണ് സ്വന്തമായിട്ടുളളത്.

യുഡിഎഫിലും അതൃപ്തി

യുഡിഎഫിലും അതൃപ്തി

പാലാ എന്ന കോട്ട വീണ സ്ഥിതിക്ക് യുഡിഎഫിനുളളിൽ ഇനി എത്രമാത്രം ശക്തി കേരള കോൺഗ്രസിനുണ്ടാകും എന്നതൊരു ചോദ്യമാണ്. കേരള കോൺഗ്രസിനുളളിലെ തമ്മിലടിക്കെതിരെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. തമ്മിലടി മറച്ച് വെക്കാൻ ഉമ്മൻ ചാണ്ടി അടക്കമുളള േനതാക്കൾ പാലായിൽ വീട് വീടാന്തരം കയറി വോട്ട് തേടി. ഫലം വന്നതോടെ മുന്നണിക്കുളളിൽ നിന്ന് മുസ്ലീം ലീഗ് പരസ്യമായി കേരള കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നടക്കം വലിയ ആക്രമണം കേരള കോൺഗ്രസ് നേരിടേണ്ടി വരും. മുന്നണിക്കുളളിൽ പാർട്ടിയുടെ വിലപേശൽ ശക്തിയാണ് ഇടിഞ്ഞ് താണിരിക്കുന്നത്.

ഉത്തരവാദി ആര് ?

ഉത്തരവാദി ആര് ?

പാലായിൽ തോറ്റതോടെ ഇനി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുളള പ്രശ്നം പരിഹരിക്കപ്പെടാനുളള സാധ്യത തുലോം തുച്ഛമാണ്. ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചു എന്നാണ് ജോസഫ് ആരോപിക്കുന്നത്. മാണിയുടെ കീഴ്വഴക്കങ്ങൾ ജോസ് കെ മാണി തെറ്റിച്ചുവെന്നും പാർട്ടി ഭരണഘടന അംഗീകരിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തുന്നു. അതേസമയം തോൽവിക്ക് പിന്നിൽ ജോസഫ് വിഭാഗം വോട്ട് മറിച്ചതാണ് എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വികാരം. ആര് മറിച്ചാലും പാലായിൽ വോട്ട് മറിഞ്ഞിട്ടുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam
ഇനിയും പിളർപ്പിലേക്കോ ?

ഇനിയും പിളർപ്പിലേക്കോ ?

പാലായിലെ തോൽവിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരു പിളർപ്പിലേക്ക് കേരള കോൺഗ്രസ് എം എത്ര വേഗത്തിൽ പോകും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. പിളർന്ന കേരള കോൺഗ്രസിൽ ആരെ കോൺഗ്രസ് ഒപ്പം നിർത്തും എന്നതും ഒരു ചോദ്യമാണ്. രണ്ട് വിഭാഗങ്ങളും യുഡിഎഫിൽ തന്നെ തുടർന്നേക്കാനാണ് സാധ്യത കൂടുതൽ. പിജെ ജോസഫിന് മേൽ നേരത്തെ മുതൽ ഒരു കണ്ണുളള ഇടതുപക്ഷം ചരട് വലിക്കാനുള്ള സാധ്യതയും തളളിക്കളയാവുന്നതല്ല. എന്തായാലും കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി എന്താണെന്ന് വരും ദിവസങ്ങളിൽ തന്നെ അറിയാം.

English summary
Pala By-election Result: Rift in Kerala Congress (M) deepens after unexpected defeat in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X