പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ സൂചനകളില്‍ മാണി സി കാപ്പന് മുന്നേറ്റം
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്തി മുന്നില്‍. 156 വോട്ടുകള്‍ക്കാണ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് ബൂത്തുകളിലെ വോട്ട് എണ്ണിയപ്പോഴാണ് മാണി സി കാപ്പന്‍ ലീഡ് പിടിച്ചത്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് ലീഡ് നേടിയ പഞ്ചായത്താണ് രാമപുരം.
രാമപുരത്തിന് ശേഷം കടനാട്, മേലുകാവ് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണിയപ്പോള്‍ ഇരുസ്ഥാനാര്‍ത്ഥികളും തുല്യനിലയിലായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 6 വോട്ടുകള്‍ വീതം ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 15 പോസ്റ്റല്‍ വോട്ടും 13 സര്‍വ്വീസ് വോട്ടുമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്നത്. ഒമ്പതരയോടെ തന്നെ അന്തിമഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയത്തില്‍ പൂര്‍ണ്ണ പ്രതീക്ഷയാണ് ജോസ് ടോമും മാണി സി കാപ്പനും പ്രകടിപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവകാശപ്പെട്ടത്. അതേസമയം തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. 14 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. 15 സർവ്വീസ് വോട്ടുകളും 3 പോസ്റ്റൽ വോട്ടുകളുമാണ് ഇവിടെ ലഭിച്ചത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കം.












Click it and Unblock the Notifications