സർവ്വകക്ഷി യോഗത്തിൽ നിന്നും ബിജെപി ഇറങ്ങിപോയ സംഭവം;മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ ബിജെപി
പാലക്കാട്; പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതിനെക്കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് .കെ.എം.ഹരിദാസ്. ഒരു യോഗം നിയന്ത്രിക്കാൻ പോലും കഴിയാത്തയാളാണ് മന്ത്രി.ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ തുടർന്ന് ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് വ്യക്തമാക്കിയാണ് നേതാക്കൾ ഇറങ്ങി പോന്നതെന്ന് കെ എം ഹരിദാസ് പറഞ്ഞു.

സർവ്വകക്ഷി യോഗത്തിന്റെ ബഹിഷ്കരണത്തിനായി തീരുമാനിച്ചിട്ടല്ല ബി ജെ പി യോഗത്തിൽ പോയത്. യോഗത്തിനിടയിൽ മന്ത്രി കൃഷ്ണൻകുട്ടിയും എം പി ശ്രീകണ്ഠനും സർവകക്ഷിയോഗത്തിൽ ഉണ്ടായിരുന്ന എൻ എൻ കൃഷ്ണദാസും തമ്മിൽ നീണ്ട തർക്കമുണ്ടായിരുന്നു. ഇതോടെ ആദ്യം സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ യോഗത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപ്, സഞ്ജിത്, അരുൺകുമാർ, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പോലീസിന്റെ നിഷ്ക്രിയത്വം വിശദീകരിച്ചു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുന്നേ മേലാമുറിയിലെ പോലീസിനെ പിൻവലിച്ചിരുന്നു. സഞ്ജിത് കൊലപാതകത്തിൽ സിബിഐ അന്വേഷണം സർക്കാർ തടസ്സപ്പെടുത്തി. ബാക്കിയുള്ള പ്രതികളെ പോലും പിടിക്കാൻ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
എന്നാൽ തുടർന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി കൃഷ്ണൻകുട്ടിയും എം.പി. ശ്രീകണ്ഠനും സർവകക്ഷിയോഗത്തിൽ ഉണ്ടായിരുന്ന എൻ.എൻ.കൃഷ്ണദാസും തമ്മിൽ നീണ്ട തർക്കമുണ്ടായപ്പോൾ ബിജെപി ജില്ലാ പ്രസിഡണ്ട് എഴുന്നേറ്റ്, ആദ്യം സമാധാനാന്തരീക്ഷം യോഗത്തിൽ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല രണ്ട് നീതി നടപ്പിലാക്കുന്ന പോലീസ് സംവിധാനത്തെ വിശ്വസിക്കുവാൻ സാധ്യമല്ല എന്നും ബി ജെ പി സമാധാനം ആഗ്രഹിക്കുന്ന പാർട്ടിയാണെന്നും, സജിത്തിന്റെ കൊലപാതകം ഉണ്ടായിട്ട് മാസങ്ങളായിട്ടും ആ വീട്ടിൽ പോകാൻ തയ്യാറാകാത്ത മലമ്പുഴ എംഎൽഎ, സുബൈർ വധത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു എന്നും പറഞ്ഞു.
ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ തുടർന്ന് ഇരിക്കുന്നതിൽ അർത്ഥമില്ല എന്നും പറഞ്ഞാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോന്നത്. ഒരു യോഗം നിയന്ത്രിക്കാൻ പോലും കഴിയാത്ത മന്ത്രി ബിജെപി എടുത്ത നിലപാടിനെ കുറിച്ച് കളവ് പറയരുതെന്നും കെ.എം.ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications