പാലക്കാട് തിരഞ്ഞെടുപ്പ് തിയതി മാറ്റുമോ? കമ്മീഷനെ കാണുമെന്ന് ഷാഫി പറമ്പില്‍, യുഡിഎഫ് സ്ഥാനാർത്ഥി ഇന്ന് തന്നെ
പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേയും വയനാട് ലോക്സഭ മണ്ഡലത്തിലേയും ഉപതിരഞ്ഞെടുപ്പ് തിയതികള്‍ അല്‍പ സമയം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് നവംബർ 13 നും വോട്ടെണ്ണല്‍ നവംബർ 23 നുമാണ് നടക്കുക. എന്നാല്‍ പാലക്കാട്ടെ വോട്ടെടുപ്പ് തിയതി മാറ്റുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തുമെന്നാണ് പ്രഖ്യാപനം വന്നതിന് പിന്നാലെ പാലക്കാട് മുന്‍ എം എല്‍ എയും നിലവില്‍ വടകര എം പിയുമായ ഷാഫി പറമ്പില്‍ വ്യക്തമാക്കുന്നത്.
പാലക്കാട്ടെ പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് നവംബർ 13,14,15 തീയതികളിലാണ്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞടുപ്പ് തിയതി മാറ്റുന്ന കാര്യത്തില്‍ ആലോചനകള്‍ നടത്തുമെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടത്. 'ഒന്നാം തേരിന്റെ ദിവസം എന്ന് പറയുന്നത് നിരവധി ആളുകള്‍ എത്തുന്ന അവസരമാണ്. ആ ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ പാലക്കാടിനെ സംബന്ധിച്ച് അത് ഉചിതമായിരിക്കില്ല. ഇക്കാര്യത്തില്‍ പാർട്ടി നേതൃത്വവുമായും പ്രതിപക്ഷ നേതാവുമായും സംസാരിച്ച് അതില്‍ ഒരു അഭിപ്രായം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും' ഷാഫി പറമ്പില്‍ പറഞ്ഞു.

തിയതി ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും തിരഞ്ഞെടുപ്പിന് യു ഡി എഫ് പൂർണ്ണ സജ്ജമാണ്. ഒറ്റക്കെട്ടായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. യു ഡി എഫ് വിജയിക്കുമെന്ന തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് പാർട്ടി. അതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമുള്ള ബന്ധമല്ല, ഇവിടുത്തെ ജനങ്ങളോടുള്ളത്. നിരന്തരം മണ്ഡലത്തിലെ ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാർട്ടി നേതൃത്വം അറിയിക്കും. എ ഐ സി സിയില്‍ നിന്നാണ് അത് സംബന്ധിച്ച തീരുമാനം വരിക. പുതുപ്പള്ളിയിലും തൃക്കാക്കരയിലുമൊക്കെ കണ്ടത് വളരെ പെട്ടെന്ന് തന്നെ പ്രഖ്യാപനമുണ്ടാകുന്ന ഒരു ശൈലിയാണ്. പാലക്കാടും പ്രാഥമിക ചർച്ചകളൊക്കെ നടത്തിയിട്ടുണ്ട്. ഹൈക്കാമാന്‍ഡിന്റെ അന്തിമ അംഗീകാരത്തിന് വേണ്ടി പാർട്ടി കാത്തിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് നിന്നും ഉണ്ടാകുക. ബി ജെ പിയുമായി സി പി എം ഉണ്ടാകുന്ന ധാരണ അടക്കമുള്ള വിഷയങ്ങളുണ്ട്. അതോടൊപ്പം തന്നെ ഭരണകൂടുങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെ ചോദ്യമുണ്ട്. എല്ലാത്തിനും ഉപരി ഈ മണ്ഡലത്തിന് വേണ്ടി ചെയ്ത കാര്യങ്ങളും ചർച്ചയാകും. മാനദണ്ഡങ്ങള്‍ ഏതാണെങ്കിലും ജനങ്ങള്‍ ഏറ്റവും ആത്മവിശ്വാസത്തോടെ സമീപിക്കുന്നത് യു ഡി എഫിനെയായിരിക്കും.
തൃശൂർ പൂരം പോലും കലക്കാന്‍ നേതൃത്വം നല്‍കിയവർക്കെതിരായ വികാരം തിരഞ്ഞെടുപ്പിലുണ്ടാകും. ഷാഫി പറമ്പിലിന് പാലക്കാട് നോമികളില്ല, പാർട്ടിയുടേയും ജനങ്ങളുടേയും നോമിനകളായിരിക്കും. ഇന്ന തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications