പ്രമീള ശശിധരന്‍ പുറത്തേക്കോ? നടപടി വേണമെന്ന് ബിജെപിയില്‍ ആവശ്യം, രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച
പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരെ നടപടി വേണമെന്ന് ബിജെപിയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പൊതു പരിപാടിയില്‍ പങ്കെടുത്തതാണ് കാരണം. കഴിഞ്ഞ ദിവസം സ്റ്റേഡിയം ബൈപാസ്-ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരനും പങ്കെടുത്തത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ബഹിഷ്‌കരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കെയാണ് പ്രമീള ശശിധരന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. രാഹുലിനൊപ്പം വേദി പങ്കിടരുത് എന്നാണ് പാര്‍ട്ടി തീരുമാനം എന്ന് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രവര്‍ത്തിച്ചു എന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. ഇവര്‍ക്കെതിരെ നടപടി വേണം എന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോര്‍ കമ്മിറ്റിയിലും വിഷയം ചര്‍ച്ചയായി. പ്രമീള ശശിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന് സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പ്രമീള ശശിധരനെ പൂര്‍ണമായി തള്ളാതെയാണ് ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജന്‍ പ്രതികരിച്ചത്. ക്ഷണിച്ചപ്പോള്‍ അവര്‍ പോയതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടില്ലെന്നും ശിവരാജന്‍ പറഞ്ഞു. പ്രമീള ശശിധരന് ഏറെ കാലത്തെ പ്രവര്‍ത്തന പരിചയമില്ലെന്നും കൗണ്‍സിലര്‍ ആയി എന്നല്ലാതെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഇല്ലെന്നും ഒരു വിഭാഗം ന്യായീകരിക്കുന്നുണ്ട്.
ബിജെപി ചേരിപ്പോര് രൂക്ഷം
പാലക്കാട് ബിജെപിയില്‍ ഏറെ നാളായി ചേരിപ്പോര് ശക്തമാണ്. കൃഷ്ണകുമാര്‍ പക്ഷം നടത്തിയ ലാബ് നിര്‍മാണ ഉദ്ഘാടന പരിപാടിയില്‍ നഗസസഭാ ചെയര്‍പേഴ്‌സണെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. രാജ്യസഭാ അംഗം പിടി ഉഷയാണ് ബയോ മെഡിക്കല്‍ ലാബ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉഷയുടെ ഫണ്ടിലെ പണം ഉപയോഗിച്ചതിനാലാണ് അവരെ ക്ഷണിച്ചത് എന്നായിരുന്നു ന്യായീകരണം. എന്നാല്‍ ചെയര്‍പേഴ്‌സണെ ക്ഷണിക്കാത്തതില്‍ മറുപടി ലഭിച്ചതുമില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുന്ന മുറുമുറുപ്പ് സംസ്ഥാന നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ പരാജപ്പെടാന്‍ ഇടയാക്കിയത് പ്രമീള ശശിധരന്റെ നീക്കങ്ങളാണ് എന്ന വിമര്‍ശനവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. നിലവിലെ വിവാദങ്ങളോട് പ്രമീള ശശിധരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമീളയ്‌ക്കെതിരെ നടപടി എടുത്താല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടി ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ഇതോടെയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications